തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ പോലീസുകാര്‍ക്ക് സസ്പെന്‍ഷനും സ്ഥലം മാറ്റവും. ക്ലിഫ് ഹൗസിനു മുന്നില്‍ സുരക്ഷാചുമതലയിലുണ്ടായിരുന്ന അഞ്ച് പോലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. മ്യൂസിയം എസ്ഐ, സിഐ എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തു. എആര്‍ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
സ്വര്‍ണക്കടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്കു തള്ളിക്കയറാന്‍ ശ്രമം നടത്തിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. സാധാരണ പ്രതിഷേധങ്ങള്‍ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ തടയുകയാണ് പതിവ്.
എന്നാല്‍, ഇവിടെ ആവശ്യത്തിന് പോലീസുകാരില്ലായിരുന്നു. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകരില്‍ ചിലര്‍ പ്രകടനവുമായി ക്ലിഫ് ഹൗസിന്റെ പ്രധാന ഗേറ്റിനു സമീപം എത്തുകയായിരുന്നു. ഇതിലാണ് നടപടിയുണ്ടായിരിക്കുന്നത്.