തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകള്‍ക്ക് കീഴിലുള്ള സ്മാരകങ്ങളിലും മ്യൂസിയങ്ങളിലും നവംബര്‍ മൂന്ന് മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. സ്മാരകങ്ങളും മ്യൂസിയങ്ങളും തുറക്കാന്‍ ഉത്തരവായതായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നവംബര്‍ മൂന്ന് മുതല്‍ സന്ദര്‍ശകരെ അനുവദിക്കാം.
മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാരും മൂന്നാം തിയതി മുതല്‍ കൃത്യമായി ജോലിക്ക് ഹാജരാകാന്‍ വകുപ്പ് മേധാവികള്‍ നിര്‍ദ്ദേശം നല്‍കണം. മ്യൂസിയവും പരിസരവും കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം. ജീവനക്കാരുടെയും സന്ദര്‍ശകരുടെയും ശരീരോഷ്മാവ് പ്രവേശനത്തിന് മുമ്പ് പരിശോധിക്കണം. പേര്, മൊബൈല്‍ നമ്പര്‍ എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. സന്ദര്‍ശകര്‍ മാസ്‌ക് ധരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും ജീവനക്കാര്‍ ഉറപ്പു വരുത്തണം.
സന്ദര്‍ശകര്‍ മ്യൂസിയങ്ങളിലും പരിസരങ്ങളിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കണം. പ്രാരംഭഘട്ടത്തില്‍ ഗൈഡിംഗ് സമ്പ്രദായം താല്‍കാലികമായി നിര്‍ത്തി വയ്ക്കണം. പ്രദര്‍ശന വസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കാനും സംശയനിവാരണത്തിനും മതിയായ ജീവനക്കാര്‍ ഓരോ ഗ്യാലറിയിലും ഉണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. 3-ഡി തീയേറ്റര്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, എയര്‍ കണ്ടീഷന്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കരുത്. തൃപ്പൂണ്ണിത്തുറ ഹില്‍പ്പാലസ് മ്യൂസിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ നിലവില്‍ സന്ദര്‍ശനം അനുവദിക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു.