പാലക്കാട്: ബിജെപിയില്‍ നിന്നും കൂട്ടരാജി. ആലത്തൂര്‍ മണ്ഡലം ഭാരവാഹികളാണ് പാര്‍ടിയില്‍നിന്ന് രാജിവച്ചത്. ആലത്തൂര്‍ മണ്ഡലം നേതൃത്വത്തിന്റെ വ്യാപക പണപ്പിരിവിലും പ്രവര്‍ത്തകരോടുള്ള അവഗണനയിലും പ്രതിഷേധിച്ചാണ് കൂട്ടരാജി. ബിജെപിക്ക് വന്‍തിരിച്ചടിയാണിത്.
മണ്ഡലം വൈസ് പ്രസിഡന്റ് പ്രകാശിനി നാരായണന്, ഒബിസി മോര്‍ച്ച മണ്ഡലം ട്രഷറര്‍ കെ നാരായണന്, ആര്‍എസ്എസ് മുഖ്യ ശിക്ഷക് എന്‍ വിഷ്ണു എന്നിവരാണ് രാജിവച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത് വണ്ടാഴി പഞ്ചായത്തിലെ ആദ്യ ബിജെപി വനിതാ പ്രവര്‍ത്തകയാണ് പ്രകാശിനി നാരായണന്.
26 വര്‍ഷമായി ബിജെപിക്കുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് കെ നാരായണന്. നേതൃത്വത്തിലേക്ക് പുതിയതായി വന്നവര്‍ നടത്തുന്ന വന്‍ പണപ്പിരിവ് പാര്‍ടിക്ക് ദോഷം ചെയ്യുമെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയില്ലെന്നും അഴിമതി പുറത്തുകൊണ്ടുവന്ന തങ്ങളെ പാര്‍ടി അവഗണിക്കുകയാണെന്നും രാജിവച്ച ഭാരവാഹികള്‍ പറഞ്ഞു.
റോഡ് നിര്‍മാണ കമ്പനിയായ കെഎന്‍ആര്‍ കണ്സ്ട്രക്ഷന്കമ്പനിയില് നിന്ന് എട്ടുലക്ഷം രൂപയാണ് ബിജെപി വണ്ടാഴി പഞ്ചായത്ത് കമ്മിറ്റിക്കുവേണ്ടി വാങ്ങിയത്. ഇതിന് കണക്കില്ല. തുടര്‍ച്ചയായി നാലുവര്‍ഷം ശ്രീകൃഷ്ണജയന്തിയുടെ പേരില്‍ വ്യവസായികളില്‍നിന്നും നാട്ടുകാരില്‍നിന്നും ലക്ഷക്കണക്കിന് രൂപയാണ് പാര്‍ടി പിരിച്ചത്.
എന്നാല്‍ അതിനും കണക്കില്ല. ഇത് ചര്‍ച്ചയായപ്പോള്‍ സംഘകാര്യാലയത്തിന് സ്ഥലം വാങ്ങാന്‍ അഡ്വാന്‍സ് നല്കി എന്ന് പറഞ്ഞു. പിന്നീട് അത് തിരിച്ചുവാങ്ങി. 2018ല്‍ മുടപ്പല്ലൂരിലെ വേല ഉത്സവം ബിജെപി ഇടപെട്ട് രണ്ടാക്കി നടത്താന്‍ നിശ്ചയിച്ചു. എന്നാല്‍ വേല തടസ്സപ്പെട്ടു.
ഉത്സവത്തിന് ബിജെപിയുടെ പേരില്‍ നിര്‍ബന്ധ പിരിവിലൂടെ 18 ലക്ഷം രൂപ സമാഹരിച്ചു. വേല മുടങ്ങിയതോടെ ആകെ ചെലവായത് രണ്ടുലക്ഷം മാത്രം. ബാക്കി തുകയ്ക്ക് കണക്കില്ല. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് വള്ളിയോട് പാസ്റ്ററെ ഭീഷണിപ്പെടുത്തി 20 ലക്ഷം ആവശ്യപ്പെട്ടു.
കൊടുക്കാന്‍ വൈകിയപ്പോള്‍ പ്രവര്‍ത്തകരെ കൂട്ടി സമരത്തിനിറങ്ങി. പണം കിട്ടിയതോടെ പാതിവഴിക്ക് സമരം നിര്‍ത്തി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന സമിതിയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് രാജിവെച്ചവര്‍ പറയുന്നു.
Discussion about this post