കണ്ണൂര്‍: തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റിസര്‍ച്ച് ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ക്കായി 18 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
സംസ്ഥാനത്തെ ആദ്യ ഒക്യുലര്‍ ഓങ്കോളജി വിഭാഗം സ്ഥാപിക്കുന്നതിന് 50 ലക്ഷം, ഇമേജോളജി വിഭാഗത്തിന്റെ നവീകരണം 1.50 കോടി, എച്ച്.വി.എ.സി. യൂണിറ്റിന് 25 ലക്ഷം, ഓങ്കോളജി വിഭാഗത്തിന്റെ വിപുലീകരണത്തിന് 50 ലക്ഷം, ജില്ലാ കാന്‍സര്‍ കണ്ട്രോള് പ്രോഗ്രാം പൈലറ്റ് പ്രോജക്ടിന് 26 ലക്ഷം, ഹോസ്പിറ്റല്‍ ക്വാളിറ്റി അഷ്വറന്‍സ് പ്രോഗ്രാം ആന്റ് സെല്‍ 1.91 കോടി, ഓഡിയോ വിഷ്വല്‍ അക്കാഡമിക് സെമിനാര്‍ ഹാള്‍ 21.50 ലക്ഷം, ഇന്ഫെക്ഷന് കണ്ട്രോള് പ്രോഗ്രാം 1.27 കോടി, നഴ്സിംഗ് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 75 ലക്ഷം, വിവിധ ബ്ലോക്കുകളിലെ ലിഫ്റ്റുകള്‍ക്ക് 2.32 കോടി, വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന്റെ മൂന്നാം ഘട്ടം 4.31 കോടി, മെഡിക്കല്‍ ലൈബ്രറിയുടെ വിപുലീകരണം 1.30 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്.
ഈ ഘട്ടത്തിലെ വികസനത്തിനായി 28 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ബാക്കി തുകയുടെ ഭരണാനുമതി നല്‍കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ഒക്യുലര്‍ ഓങ്കോളജി വിഭാഗം സ്ഥാപിക്കുന്നത്. മുതിര്‍ന്നവരിലും കുട്ടികളിലും കണ്ണുകളില്‍ അപൂര്‍വമായി കാണുന്ന കാന്‍സറിന്റെ അത്യാധുനിക ചികിത്സയ്ക്കായാണ് ഈ വിഭാഗം സജ്ജമാക്കുന്നത്. ഈ ചികിത്സയ്ക്കായി പലപ്പോഴും മറ്റ് സംസ്ഥാനങ്ങളെയാണ് രോഗികള്‍ ആശ്രയിക്കുന്നത്. ഇത് മനസിലാക്കായാണ് സര്‍ക്കാരിന്റെ ഒരു കാന്‍സര്‍ സെന്ററിന്റെ കീഴില്‍ തന്നെ ആദ്യമായി ഒക്യുലര്‍ ഓങ്കോളജി വിഭാഗം സജ്ജമാക്കുന്നത്.
കുട്ടികളുടെ കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഈ വിഭാഗത്തിലുണ്ടാകും.വലിയ വികസന പ്രവര്‍ത്തനങ്ങളാണ് മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടന്നു വരുന്നത്. അടുത്തിടെ 50 കോടിയുടെ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും 114 കോടിയുടെ പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു. കിഫ്ബി വഴി 82 കോടിയുടെ ഒന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങളാണ് എം.സി.സി.യില്‍ നടന്നു വരുന്നത്. 560 കോടി രൂപയുടെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി കിഫ്ബിയുടെ പരിഗണനയിലാണ്. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ മലബാര്‍ മേഖലയിലെ കാന്‍സര്‍ സെന്ററില്‍ വലിയ സംവിധാനങ്ങള്‍ നിലവില്‍ വരും.
2008ല്‍ 1040 ഓളം പുതിയ രോഗികള്‍ എം.സി.സിയെ ആശ്രയിച്ചിരുന്നുവെങ്കില്‍ 2019ല്‍ പുതിയ രോഗികളുടെ എണ്ണം 6500 ഓളമായി. തുടര്‍ചികിത്സക്കായി എത്തിയവരുടെ എണ്ണം 77,477 ആയി വര്‍ദ്ധിക്കുകയും, 4600 പേരെ കിടത്തി ചികിത്സക്കും വിധേയമായിട്ടുണ്ട്. കൊവിഡ് കാലമായിട്ടു പോലും 2020ല്‍ പ്രതിമാസം 7000ത്തോളം രോഗികള്‍ എത്തുന്നുണ്ട്. കുട്ടികളിലെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ചെയ്യുന്ന ഏക സ്ഥാപനമാണ് മലബാര്‍ കാന്‍സര്‍ സെന്റര്‍. എം.സി.സിയിലെ കൊവിഡ് ലാബില്‍ 61,000ത്തോളം കൊവിഡ് പരിശോധനകളാണ് ഈ കാലയളവില്‍ നടത്തിയിട്ടുള്ളത്.
Discussion about this post