കൊച്ചി: എറണാകുളത്ത് യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തമായതിനിടെ കൊച്ചി അസിസ്റ്റന്റ് കമ്മിഷണർ കെ ലാൽജി കുഴഞ്ഞുവീണു. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അസിസ്റ്റന്റ് കമ്മിഷണറുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ എത്തിച്ച സമയത്ത് അദ്ദേഹത്തിന് ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്നെന്നും കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സമരമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് നിയന്ത്രിക്കാൻ ലാൽജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നേരത്തേ തന്നെ സ്ഥലത്തെത്തിയിരുന്നു.
എന്നാൽ, ബാരിക്കേഡ് വെച്ച് സുരക്ഷാകവചം തീർത്തിരുന്നെങ്കിലും നേതാക്കളുടെ പ്രസംഗം കഴിഞ്ഞതോടെ മാർച്ച് അക്രമാസക്തമാവുകയും ബാരിക്കേഡുകൾ മറിച്ചിടാൻ ഉൾപ്പെടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിക്കുകയുമായിരുന്നു.
പോലീസ് ജലപീരങ്കി പ്രയോഗിച്ചതിനുശേഷം പ്രവർത്തകരെ അറസ്റ്റുചെയ്ത് മാറ്റുന്നതിനിടെയാണ് അസിസ്റ്റന്റ് കമ്മിഷണർ ലാൽജി കുഴഞ്ഞുവീണത്. കുഴഞ്ഞുവീണ ഉടൻതന്നെ പോലീസ് വാഹനത്തിൽ ലാൽജിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ചിത്രം കടപ്പാട്: മാതൃഭൂമി
Discussion about this post