കോട്ടയം: കോട്ടയം പൂവൻതുരുത്തിൽ റെയിൽവെ മേൽപ്പാലം വൈകുന്നതിനെതിരെ നടത്തിയ യോഗത്തിൽ വെച്ച് വനിതാ കൗൺസിലറെ അപമാനിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വീണ്ടും വിവാദത്തിൽ കൗൺസിലറെ ‘ഭാരം കൂടിയ സ്ത്രീ’ എന്ന് വിശേഷിപ്പിച്ചെന്നാണ് ആരോപണം.
എംഎൽഎ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് സിപിഎം പ്രവർത്തകരുൾപ്പെടെ എംഎൽഎയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. സ്ത്രീ വിരുദ്ധ പരാമർശം ഉയർത്തിക്കാട്ടി സിപിഐഎം പ്രവർത്തകർ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. പരാമർശത്തിൽ തിരുവഞ്ചൂർ മാപ്പ് പറയണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു മാർച്ച്.
എംഎൽഎയുടെ പ്രസംഗത്തിലെ ഭാഗം ഇങ്ങനെ: ‘റോഡ് പൂർത്തിയായ ദിവസം, ഒരു മുനിസിപ്പൽ കൗൺസിലർ, നല്ല ഭാരമുള്ള ഒരു വനിത, ഒരു ജൗളിക്കടയിലെ മുഴുവൻ ചുവന്ന തുണിയും അവിടെ കൊണ്ടു. കൊണ്ടുവന്ന് കെട്ടിത്തൂക്കി. എനിക്കതിൽ വിഷമമില്ല. പഠിച്ചതല്ലേ പാടൂ. എന്നിട്ട് പറഞ്ഞു, റോഡ് വന്നാൽ സൂക്ഷ്മാണു മരിക്കും എന്ന്. ഇനി ചില ആളുകൾ വരുമ്പോൾ സൂക്ഷ്മാണു മരിച്ചോ എന്ന് നിങ്ങളൊന്ന് നോക്കിയേക്കണം’, തിരുവഞ്ചൂരിന്റെ വിവാദ പരാമർശം ഇങ്ങനെ.
പ്രസംഗം വിവാദമായതോടെ വിഷയത്തിൽ പ്രതികരണവുമായി വനിതാ കൗൺസിലറും രംഗത്തെത്തി. സ്ത്രീ വിരുദ്ധതയാണ് എംഎൽഎയുടെ വാക്കുകളിൽ പ്രകടമായിരിക്കുന്നതെന്നും ബോഡിഷെയിമിങ് നടത്തി നിയമ ലംഘനമാണ് അദ്ദേഹം നടത്തിയിരിക്കുന്നതെന്നും കൗൺസിലർ ചൂണ്ടിക്കാണിച്ചു.
തന്റെ പേര് പരാമർശിച്ചില്ലെങ്കിലും അത് തന്നെ പറ്റിയാണെന്ന് എല്ലാവർക്കും മനസിലാകുമെന്നും വിഷയത്തിൽ വനിത കമ്മീഷനും സ്പീക്കർക്കും പരാതി നൽകുമെന്നും കൗൺസിലർ വ്യക്തമാക്കി.