കൊല്ലം: മലിനജലം ഒഴിക്കിവിടുന്നത് ചോദ്യം ചെയ്തതിന് യുവതിയെ കുത്തി കൊലപ്പെടുത്തി അയൽവാസിയുടെ കണ്ണില്ലാത്ത ക്രൂരത. വീടിന് മുന്നിലൂടെ മലിന ജലം ഒഴുക്കുന്നത് ചോദ്യം ചെയ്ത ഉളിയക്കോവിൽ സ്വദേശി അഭിരാമിയെയാണ് അയൽവാസി ഉമേഷ് ബാബു കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലത്താണ് നാടിനെ നടുക്കിയസംഭവം അരങ്ങേറിയത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ഇയാൾ കൃത്യം നടത്തിയത്.
ആക്രമണത്തെത്തുടർന്ന് പരിക്കേറ്റ പ്രതിയെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ അമ്മ ലീനയ്ക്കും പരിക്കേറ്റു. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കൊലപാതകം.
ഉമേഷ് ബാബുവിന്റെ വീട്ടിൽ നിന്നുളള മലിന ജലം അഭിരാമിയുടെ വീടിന് മുന്നിൽ കൂടി ഒഴുക്കുന്നുവെന്നതിനെ ചൊല്ലി നേരത്തേയും തർക്കമുണ്ടായിരുന്നു എന്നാണ് സൂച. ഇക്കാര്യത്തിലെ തർക്കം രൂക്ഷമായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വിഷയത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് നേരത്തെ കേസ് എടുക്കുകയും ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ മലിനജലം ഒഴുക്കുന്നതിനെ ചൊല്ലി ഇന്നലെ വീണ്ടും വാക്കേറ്റമുണ്ടായി. ശേഷം രാത്രി വൈകി കത്തിയുമായി എത്തിയ ഉമേഷ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപാതകം നടത്തുകയായിരുന്നു. കുത്തേറ്റ അഭിരാമി തത്ക്ഷണം മരിച്ചു. നാൽപത്തിരണ്ടുകാരനായ ഉമേഷ്, ഭാര്യ പ്രസന്ന, മകൾ സൗമ്യ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post