കണ്ണൂര്‍: കണ്ണൂര്‍ ചിറകുവിടര്‍ത്തി പറന്നുയരാന്‍ മണിക്കൂറുകള്‍ മാത്രം, സ്വന്തം നാട്ടില്‍ നിന്നും പറന്നുയരുന്ന വിമാനത്തില്‍ കണ്ണൂരുകാരനുമുണ്ടാകും, പൈലറ്റ് സീറ്റില്‍. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം തിരുവനന്തപുരത്തേക്ക് പറക്കുന്ന ഗോ എയര്‍ വിമാനത്തില്‍ കണ്ണൂര്‍ സ്വദേശിയായ അശ്വിന്‍ നമ്പ്യാരാവും ഫസ്റ്റ് ഓഫീസര്‍.
കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടുവര്‍ഷം മുമ്പ് ആദ്യമിറങ്ങിയ ഡോണിയര്‍ വിമാനം പറത്തിയ കണ്ണൂര്‍ സ്വദേശി എയര്‍ മാര്‍ഷല്‍ രഘു നമ്പ്യാരുടെ മകനാണ് അശ്വിന്‍. 2016 ഫെബ്രുവരി 29നാണ് ആദ്യ വിമാനം കണ്ണൂരില്‍ ഇറങ്ങുന്നത്. വ്യോമസേനയുടെ ട്രെയിനിംഗ് കമാന്‍ഡിലായിരുന്ന രഘു നമ്പ്യാരാണ് അന്ന് വിമാനം പറത്തിയത്. ഇപ്പോള്‍ ഷില്ലോംഗിലെ ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ചീഫാണ് രഘു നമ്പ്യാര്‍. അദ്ദേഹത്തിന്റെ പിതാവും വ്യോമസേനയില്‍ സ്‌ക്വാഡ്രണ്‍ ലീഡറായിരുന്നു.
ഞായറാഴ്ച രാവിലെ പത്തിന് അബുദാബിയിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ സര്‍വീസോടെയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥിയായ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് പതാക വീശുന്നതോടെ അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം യാത്രതുടങ്ങും. 12.20ന് ബംഗളുരുവില്‍ നിന്നുള്ള ഗോ എയര്‍ വിമാനമെത്തും. തിരുവനന്തപുരത്തേക്കുള്ള സര്‍വീസില്‍ ചെറിയ മാറ്റം വരുത്തിയാണ് കണ്ണൂരില്‍ ഇറങ്ങുന്നത്. പിന്നീട് ഈ വിമാനം തിരുവനന്തപുരത്തേക്ക് പോകും.