പത്തനംതിട്ട: ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിന് 2020 നവംബര്‍ 16ന് തുടക്കമാകും. നവംബര്‍ 15ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. നവംബര്‍ 16 മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല പൂജ മഹോത്സവം. ശബരിമലയിലേക്കുള്ള ഭക്തരുടെ പ്രവേശനം വെര്‍ച്വല്‍ ക്യൂ മുഖേനയായിരിക്കും.
പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം നടത്താം. ഭക്തര്‍ക്ക് ദര്‍ശനത്തിന് 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പമ്പ, നിലയ്ക്കല്‍, എരുമേലി തുടങ്ങിയ സ്ഥലങ്ങളില്‍ കൊവിഡ് പരിശോധന സംവിധാനം ഏര്‍പ്പെടുത്തും. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലെന്നാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയുടെ വിലയിരുത്തല്‍.
പമ്പയില്‍ മുങ്ങി കുളിക്കരുത്, പകരം ഷവര്‍ സംവിധാനം ഏര്‍പ്പെടുത്തും. നെയ്യ് അഭിഷേകത്തിന് പ്രത്യേക കൗണ്ടര്‍ ഉണ്ടാകും. ഫ്‌ളൈ ഓവര്‍ വഴി ഭക്തരെ പ്രവേശിപ്പിക്കില്ല. കുടിവെള്ളത്തിനും പ്രത്യേക സംവിധാനമൊരുക്കും. തന്ത്രി, മേല്‍ശാന്തി എന്നിവരെ ഭക്തര്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയില്ല. സോപാനത്തെ വിഐപി ദര്‍ശനവും അനുവദിക്കില്ല. സന്നിധാനത്തും പമ്പയിലും വിരിവയ്ക്കാന്‍ അനുവാദമില്ല. നിലയ്ക്കലില്‍ പരിമിതമായ രീതിയില്‍ സൗകര്യം ഒരുക്കാനും തീരുമാനമായിട്ടുണ്ട്.
Discussion about this post