തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ അലയടിക്കുന്ന സാഹചര്യം നിലനില്‍ക്കുന്ന വേളയില്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ കൈക്കൊണ്ട് കേരള സര്‍ക്കാര്‍. സംസ്ഥാനത്ത് 16 ഇന ഭക്ഷ്യ വിളകള്‍ക്ക് അടിസ്ഥാന വില നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറികള്‍ക്ക് അടിസ്ഥാന വില (തറവില) തീരുമാനിക്കുന്നത്. പരമ്പരാഗത കര്‍ഷകര്‍ക്ക് പുറമേ കൊവിഡ് മഹാമാരിക്കിടയില്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയ നിരവധി പ്രവാസികള്‍ ഉള്‍പ്പടെയുള്ളവരും കാര്‍ഷിക രംഗത്തേക്ക് തിരിയുന്ന ഈ വേളയില്‍ ഇവര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാനും അതുവഴി സംസ്ഥാനത്തിന്റെ ആഭ്യന്തര പച്ചക്കറി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്.
മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നീ 16 ഇനങ്ങള്‍ക്കാണ് അടിസ്ഥാന വില ഉറപ്പാക്കുന്നത്. കാര്‍ഷികോല്‍പ്പാദനച്ചെലവും ഉല്‍പാദനക്ഷമതയും കണക്കിലെടുത്താണ് അടിസ്ഥാന വില തീരുമാനിക്കുക. മേല്‍പ്പറഞ്ഞ ഭക്ഷ്യ വിളകളുടെ വിപണിവില കുറയുന്ന സാഹചര്യത്തില്‍ കര്‍ഷകന് അടിസ്ഥാന വില ലഭ്യമാക്കും. നിശ്ചിത വിലയേക്കാള്‍ കുറഞ്ഞവില വിപണിയില്‍ ഉണ്ടാവുകയാണെങ്കില്‍ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കര്‍ഷകന്റെ അക്കൗണ്ടിലേക്ക് നല്‍കും. ഉല്‍പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കിയായിരിക്കും കര്‍ഷകര്‍ക്ക് വില നല്‍കുന്നത്. ഗുണനിലവാരം ഉറപ്പാക്കാന്‍ സംഭരണ പ്രക്രിയയില്‍ തന്നെ ഗ്രേഡ് നിശ്ചയിക്കും.
വിപണിവിലയുടെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാന്‍ ഇത് സഹായിക്കും. ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് വിലസ്ഥിരതയും വരുമാനവും ഉറപ്പാക്കാന്‍ കഴിയും.കാലാകാലങ്ങളില്‍ പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിനും തറവില പുതുക്കാനുമുള്ള വ്യവസ്ഥയുണ്ട്. ഒരു കര്‍ഷന് ഒരു സീസണില്‍ പരമാവധി 15 ഏക്കര്‍ കൃഷിക്ക് ആനുകൂല്യം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കൃഷി വകുപ്പിന്റെ പോര്‍ട്ടലില്‍ നവംബര്‍ ഒന്ന് മുതല്‍ ഇതിനായുള്ള രജിസ്ട്രേഷന്‍ ആരംഭിക്കും.
പ്രൈമറി അഗ്രികള്‍ച്ചറല്‍ കെഡ്രിറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റികള്‍ വഴി സംഭരണം ഉദ്ദേശിക്കുന്ന കര്‍ഷകര്‍ക്ക് ആദ്യഘട്ടത്തില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ല. കര്‍ഷകരില്‍ നിന്ന് വി.എഫ്.പി.സി.കെ., ഹോര്‍ട്ടികോര്‍പ്പ്, മൊത്തവ്യാപാര വിപണികള്‍ എന്നിവ വഴിയായിരിക്കും ഉല്‍പ്പനങ്ങള്‍ സംഭരിക്കുക. ആദ്യഘട്ടത്തില്‍ 250 വിപണികളില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വിളകള്‍ സംഭരിക്കും. സംഭരിച്ച വിളകള്‍ ‘ജീവനി കേരളാ ഫാം ഫ്രഷ് ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ്’ എന്ന ബ്രാന്‍ഡിലാകും വില്‍ക്കുക.
കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുക എന്നതാണ് കര്‍ഷകരുടെ ഏറ്റവും വലിയ ആവശ്യം. അതില്ലാതെ വരുമ്പോളാണ് കര്‍ഷകര്‍ ദാരിദ്ര്യത്തിലേക്കും ആത്മഹത്യയിലേക്കും കടന്നുപോകുന്നത്. തറവില നിശ്ചയിക്കുക വഴി കൂടുതല്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് താല്‍പര്യമുണ്ടാകും. സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കാനും ഇതിലൂടെ കഴിയും. തരിശ് നിലങ്ങളില്‍ കൃഷിയിറക്കി ഉല്‍പാദന വര്‍ധനവിലൂടെ കര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി മികച്ച രീതിയിലാണ് മുന്നേറുന്നത്. ഇതോടൊപ്പം ഭക്ഷ്യ വിളകള്‍ക്ക് തറവില കൂടി നിലവില്‍ വരുന്നതോടുകൂടി കേരളം പൂര്‍ണമായും കര്‍ഷക സൗര്‍ഹൃദ സംസ്ഥാനമായി മാറിയിരിക്കുകയാണ്.