തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്ഷന് വിതരണം ആരംഭിച്ചു. 55.44 ലക്ഷം പേര്‍ക്ക് 1400 രൂപ വീതമാണ് പെന്ഷന് ലഭിക്കുന്നത്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും പാവപ്പെട്ടവരുടെ ആനുകൂല്യങ്ങള്‍ മുടങ്ങാതിരിക്കുക എന്നതിനാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കിയത്.
കൊവിഡ് പ്രതിസന്ധിയില്‍ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങാവുക എന്ന കാര്യം ലക്ഷ്യമിട്ട് കഴിഞ്ഞ മാസം മുതലാണ് സംസ്ഥാനത്ത് അതാതുമാസം പെന്ഷന് വിതരണം ആരംഭിച്ചത്. 55,43,773 പേര്‍ക്കാണ് സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്ഷന് ലഭിക്കുന്നത്. പ്രതിമാസം ഇതിനായി നല്‍കുന്നത് 705.17 കോടി രൂപയാണ്.
അഞ്ചു വിഭാഗങ്ങളിലായി സാമൂഹ്യസുരക്ഷാ പെന്ഷന് വിതരണത്തിന് 618.71 കോടി രൂപയാണ് അനുവദിച്ചത്. 49,13,785 പേരാണ് ഇതിന് അര്‍ഹര്‍. ഇതില്‍ 318.93 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയും 299.78 കോടി രൂപ സഹകരണ സംഘങ്ങള്‍ വഴിയും നല്‍കും. സഹകരണ സംഘങ്ങള്‍ വഴി നല്കുന്ന പെന്ഷന് ഗുണഭോക്താക്കളുടെ കൈയ്യില്‍ നേരിട്ടെത്തും.
16 ക്ഷേമനിധികളില്‍ അംഗങ്ങളായ 6,29,988 തൊഴിലാളികള്‍ക്കാണ് സര്‍ക്കാര്‍ ധനസഹായത്തോടെ ക്ഷേമ പെന്ഷന് നല്‍കുന്നത്. 86.46 കോടി രൂപയാണ് ഇതിനായി നല്‍കുന്നത്. ക്ഷേമനിധി ബോര്‍ഡുകള്‍ക്കാണ് ഇതിന്റെ വിതരണ ചുമതല.
Discussion about this post