ആലങ്ങാട്: വാഹനപരിശോധനക്കിടെ ആലങ്ങാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിച്ചത് വേറിട്ട അനുഭവമാണ്. കഴിഞ്ഞ ദിവസം ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചെത്തിയ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ ആനച്ചാലില്‍ വാഹനപരിശോധനയ്ക്കിടെ പോലീസിന്റെ മുന്നില്‍പ്പെട്ടു. വിദ്യാര്‍ഥികളായതു കൊണ്ട് ചെറിയ പിഴ നല്‍കി പോലീസ് രസീത് കൊടുത്തു. എന്നാല്‍ പിഴ അടയ്ക്കാനുള്ള പണം വിദ്യാര്‍ത്ഥികളുടെ കൈവശം ഉണ്ടായിരുന്നില്ല.
ഇനി ഒരിക്കലും ഹെല്‍മറ്റില്ലാതെ വാഹനം ഓടിക്കില്ലെന്നും പിഴ ഒഴിവാക്കണമെന്നും അവര്‍ പോലീസിനോട് അപേക്ഷിച്ചു. എന്നാല്‍ പിഴ TR 5 ബുക്കില്‍ പോലീസ് എഴുതിയിരുന്നു. തുടര്‍ന്ന്
പണം അടയ്ക്കാന്‍ ബാഗും പഴ്‌സും കൂട്ടുകാരന്റെ പോക്കറ്റും വിദ്യാര്‍ത്ഥികള്‍ തപ്പിപ്പെറുക്കി. എന്നാല്‍ പൈസ തികഞ്ഞില്ല. ഒരു 50 രൂപ നോട്ടും ബാക്കി 20, 10, രണ്ട് 5 രൂപ നാണയങ്ങള്‍ എന്നിവയും മാത്രമാണ് കിട്ടിയത്. കിട്ടിയ കാശ് പോലീസിനു നല്‍കിയപ്പോഴാണു ഇവരുടെ കൈവശം ആവശ്യത്തിനു പണമില്ലെന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കു മനസ്സിലായത്. വിദ്യാര്‍ഥികളുടെ നിസ്സഹായാവസ്ഥ കേട്ടതോടെ പണം തിരികെ കൊടുത്ത് പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ വിട്ടയച്ചു.
തുടര്‍ന്നു എസ്‌ഐ എംഎസ് ഫൈസല്‍ തന്റെ പക്കലുള്ള പണമെടുത്തു പിഴത്തുകയായി മാറ്റിവച്ചു. എസ്‌ഐ വേണുഗോപാല്‍, സിപിഒ ജനീഷ് ചേരമ്പിള്ളി എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ 2 മണിക്കൂര്‍ കഴിഞ്ഞ് ഹെല്‍മറ്റ് വച്ചു ഇതേ വിദ്യാര്‍ഥികള്‍ ആലങ്ങാട് സ്റ്റേഷനിലെത്തി. പിഴ അടയ്ക്കാന്‍ കൂട്ടുകാരോടു കടം വാങ്ങിയ 200 രൂപയും അവരുടെ കൈവശമുണ്ടായിരുന്നു. പിഴ അടയ്ക്കാന്‍ വന്നതാണെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചെങ്കിലും പോലീസ് പണം വാങ്ങിയില്ല; പകരം, വാഹനമോടിക്കുമ്പോള്‍ കൃത്യമായ നിയമങ്ങള്‍ പാലിക്കണമെന്ന ഉപദേശം നല്‍കി അവരെ മടക്കിയയച്ചു.