കൊച്ചി: വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നെന്ന് ആരോപിച്ച് നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി മാറ്റണമെന്നാണ് നടിയുടെ ആവശ്യം. നടി ആക്രമിക്കപ്പെട്ട കേസിൽ വനിതാ ജഡ്ജിയാണ് വിചാരണക്കോടതിയിൽ വാദം കേൾക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ചാണ് പരാതിക്കാരിയായ നടി ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. നേരത്തേ വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ ഇക്കാര്യം ഉന്നയിച്ചതിനെ തുടർന്ന് വിചാരണ നടപടികൾ നിർത്തിവെച്ചിരുന്നു.
വിസ്താരം നടക്കുമ്പോൾ പ്രതിഭാഗത്തുനിന്ന് മാനസികമായി വിഷമിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹർജിയിൽ പരാതിക്കാരി പറയുന്നു. മൊഴി രേഖപ്പെടുത്തുന്നതിൽ മന:പൂർവം വീഴ്ചവരുത്തി, ഇൻക്യാമറ നടപടികളായിട്ടും പ്രതിഭാഗം അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കാൻ തയ്യാറായില്ല, പ്രതി ജാമ്യവ്യവസ്ഥകൾ ലംഘിച്ചത് ചൂണ്ടിക്കാണിച്ചുള്ള ഹർജി പരിഗണിക്കാൻ പോലും തയ്യാറാവുന്നില്ല തുടങ്ങിയ ആരോപണങ്ങളും നടി ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
എറണാകുളത്തെ പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് വിചാരണ നടക്കുന്നത്. നടപടികൾ പൂർത്തിയാക്കി ജനുവരിയിൽ വിധി പറയണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ജഡ്ജിയുടെ ആവശ്യപ്രകാരം നീട്ടി നൽകിയ സമയമാണിത്.
Discussion about this post