കോട്ടയം: മകളെയും കൂട്ടി തിരിച്ചുപോകാന്‍ അയര്‍ലണ്ടില്‍ നിന്നെത്തിയ അമ്മ കണ്ടത് ജീവനറ്റ മകളെ. ഏഴു ദിവസത്തെ ക്വാറന്റീന് കഴിഞ്ഞാണ് ജിഷ മകള്‍ മിയയെ കണ്ടത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ഇടുക്കി കമ്പിളിക്കണ്ടം നന്ദിക്കുന്നേല്‍ ജോമി ജോസിന്റെയും ജിഷയുടെയും മകളായ മിയ മേരി ജോമി (നാലര) കോതനല്ലൂരില്‍ കാല്‍വഴുതി കിണറ്റില്‍ വീണു മരിച്ചത് .
ജോമിയും മൂത്തമകന് ഡോണും അയര്‍ലന്‍ഡിലാണ്. മിയയെ അയര്‍ലന്‍ഡിലേക്കു കൊണ്ടുപോകാനായി ജിഷ മാത്രം നാട്ടിലെത്തുകയായിരുന്നു. വിദേശത്തു നിന്ന് എത്തിയതിനാല്‍ മൂവാറ്റുപുഴയിലെ വീട്ടില്‍ ക്വാറന്റീനിലായിരുന്നു ജിഷ. നാട്ടിലെത്തിയിട്ടും എന്നാല്‍ മകളെ കാണാന്‍ ജിഷയ്ക്ക് കഴിഞ്ഞിരുന്നില്ല.
ജോമി രണ്ടു മാസം മുന്‍പു വരെ നാട്ടിലുണ്ടായിരുന്നു. കോതനല്ലൂരിലെ വീട്ടില്‍ ജോമിയുടെ മാതാപിതാക്കളുടെ കൂടെയായിരുന്നു മിയ. അമ്മയുടെ ക്വാറന്റീന് ഒക്കെ കഴിയുമ്പോഴേക്കും മകള്‍ മറ്റൊരു ലോകത്തേക്ക് യാത്രയായിരുന്നു. മകളെ കാണാന്‍ കാത്തിരുന്ന ജിഷ ഇന്നലെ കണ്ണുനീരോടെ മിയയെ മോര്‍ച്ചറിയില്‍ കണ്ടു.
ക്വാറന്റീന് കാലാവധി കഴിഞ്ഞില്ലെങ്കിലും അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ജിഷ ഇന്നലെ മകളെ കാണാന്‍ കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിയത്. ഇന്ന് മിയയുടെ പിതാവ് ജോമിയും ചേട്ടന് ഡോണും അയര്‍ലന്‍ഡില്‍ നിന്ന് എത്തും.
ഇവര്‍ക്കും കാരിത്താസ് ആശുപത്രിയില്‍ തന്നെ മിയയെ കാണാനാണു ക്രമീകരണമൊരുക്കുന്നത്. വിദേശത്തു നിന്ന് എത്തുന്നതിനാല്‍ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
മിയയുടെ സംസ്കാര ശുശ്രൂഷകള്‍ ഇന്നു നാലിന് ഇടുക്കി തെള്ളിത്തോട് സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ നടക്കും.
Discussion about this post