കോഴിക്കോട്: പാചകത്തിന് ഉപയോഗിച്ച എണ്ണ പുനരുപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെങ്കിലും പലപ്പോഴും ഒരു തവണ ഉപയോഗിച്ച എണ്ണ കളയാൻ ആർക്കും മനസ് വരാറില്ല. എന്നാൽ ഇനി മുതൽ നഗരത്തിലെ ഹോട്ടലുകളിലും ബേക്കറിയിലും മറ്റും ഉപയോഗിച്ച് കഴിഞ്ഞ എണ്ണ വിറ്റഴിക്കാം. വെറുതെ ഒഴുക്കി കളയേണ്ടതില്ല. പാചകം ചെയ്ത ഭക്ഷ്യ എണ്ണ ശേഖരിച്ച് ബയോ ഡീസലാക്കുന്ന സംരംഭങ്ങൾക്ക് നല്ല പ്രതികരണങ്ങൾ ലഭിച്ചതാണ് ഉപയോഗിച്ച എണ്ണയ്ക്ക് ഡിമാന്റ് വർധിക്കാൻ കാരണം. ആഴ്ചകളായി തുടരുന്ന എണ്ണശേഖരണം നല്ല രീതിയിൽ മുന്നോട്ടുപോകുന്നതായി വ്യാപാരികൾ പറഞ്ഞു.
ജില്ലയിലെ മൊത്തം 2800 ലേറെ ഹോട്ടലുകളിലും 650 ലേറെ ബേക്കറികളിലും നിന്ന് ശേഖരണം വ്യാപകമാക്കിയിട്ടുണ്ട്. ചിപ്‌സ്, എണ്ണപ്പലഹാര നിർമ്മാതാക്കൾ എന്നിവരിൽനിന്നും എണ്ണയെടുക്കൽ തുടങ്ങി. കച്ചവടക്കാർക്ക് ലിറ്ററിന് 25 മുതൽ 30 രൂപ വരെ ഇതുവഴി കിട്ടും.
ഒരു ടണ്ണിലേറെ ഭക്ഷ്യഎണ്ണ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ (റീപർപ്പസ് യൂസ്ഡ് കുക്കിങ് ഓയിൽ റൂക്കോ) പദ്ധതിയുടെ ഭാഗമായാണ് അംഗീകൃത ഏജൻസി വഴി എണ്ണ ശേഖരിക്കുന്നത്.
കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ, ബേകേഴ്‌സ് അസോസിയേഷൻ എന്നിവർ ഏജൻസിയുമായി ധാരണയുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Discussion about this post