കോട്ടയം: വിവാദങ്ങള്‍ ശക്തമായതിനിടെ പനച്ചിക്കാട് സേവാ ഭാരതി കേന്ദ്രത്തില്‍ വീണ്ടും സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പനച്ചിക്കാട് ക്ഷേത്രത്തില്‍ ആര്‍എസ്എസ് സേവന വിഭാഗമായ സേവാഭാരതി നടത്തുന്ന ഊട്ടുപുരയാണ് തിരുവഞ്ചൂര്‍ സന്ദര്‍ശിച്ചത്.
ഈ പ്രത്യേക ദിവസത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണോ കാര്യങ്ങളെല്ലാം നടത്തുന്നതെന്ന് പരിശോധിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും അതിനാലാണ് സേവാ ഭാരതി കേന്ദ്രത്തില്‍ എത്തിയതെന്നുമാണ് തിരുവഞ്ചൂര്‍ നല്‍കിയ വിശദീകരണം.
ഊട്ടുപുരയില്‍ പോയ അദ്ദേഹം സേവാഭാരതി പ്രവര്‍ത്തകരുമായി ഏറെ നേരം സംസാരിച്ചു. ഇതിന് ശേഷമാണ് സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിശദീകരണം നല്‍കിയത്. കഴിഞ്ഞ പതിനാറാം തിയതി കോട്ടയം പനിച്ചിക്കാട് ക്ഷേത്രത്തിനു സമീപമുള്ള സേവാ ഭാരതി കേന്ദ്രത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സന്ദര്‍ശിച്ച ചിത്രം വിവാദമായിരുന്നു.
ആര്‍എസ്എസുമായി തിരുവഞ്ചൂര്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്ക് എത്തി എന്ന സൂചന നല്‍കുന്ന തരത്തിലാണ് ചിത്രം പ്രചരിച്ചത്. ഇതിന് പിന്നാലെ പ്രതികരിച്ച് തിരുവഞ്ചൂര്‍ രംഗത്തെത്തിയിരുന്നു. അമ്പലത്തില്‍ പോയാല്‍ ആര്‍എസ്എസ് ആകുമോ എന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്ന് പറഞ്ഞത്.
ഇത്തവണ ക്ഷേത്രത്തിലെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പനച്ചിക്കാട് ക്ഷേത്രം തന്റെ മണ്ഡലത്തിലാണെന്നും ക്ഷേത്രത്തെ ഒരിക്കലും രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും പറഞ്ഞു.
Discussion about this post