തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് തന്റെ കൈകൾ പിടിച്ച് എഴുത്തിനിരുത്തുന്നത് എന്നൊന്നും ഗൗനിക്കാതെ കുട്ടിക്കളികളുമൊക്കെയായി മിടുക്കിയായി ആദ്യാക്ഷരം കുറിച്ച് കുഞ്ഞ് ദേവന. വിജയദശമി ദിനത്തിൽ ക്ലിഫ് ഹൗസിലെ ഡ്രൈവർ വസന്തകുമാറിന്റെ കൊച്ചുമകൾക്കാണ് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യക്ഷരം കുറിച്ച് നൽകിയത്. ക്ലിഫ് ഹൗസിൽ തിങ്കളാഴ്ച രാവിലെ ആയിരുന്നു ചടങ്ങുകൾ.
വർഷങ്ങളായി ക്ലിഫ് ഹൗസ് ഡ്രൈവറായി ജോലി നോക്കുന്ന വസന്തകുമാറിന്റെ ആഗ്രഹമാണ് ഇതിലൂടെ സഫലമായത്. കൊച്ചുമകൾ ദേവനയെ മുഖ്യമന്ത്രി എഴുത്തിനിരുത്തണമെന്നത് അദ്ദേഹത്തിന്റെ ഒരു മോഹമായിരുന്നു.
കൊച്ചുമകളെ എഴുത്തിന് ഇരുത്തണമെന്ന് ഒരാഴ്ച മുമ്പ് വസന്തകുമാർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചുരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും ദേവനയുടെ മാതാവ് ഉൾപ്പെടെയുള്ളവരും ചടങ്ങുകളിൽ പങ്കെടുത്തു.
കൊവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ കുട്ടികളെ എഴുത്തിനിരുത്താൻ അശരദ്ധിക്കണമെന്നും പൊതുസ്ഥലങ്ങളിൽ ആളുകൾ കൂടിയുള്ള ചടങ്ങുകൾ പാടില്ലെന്നും സർക്കാർ കഴിഞ്ഞദിവസവും അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ പതിവിൽ നിന്നും വ്യത്യസ്തമായി ക്ഷേത്രങ്ങളിലും മറ്റുമൊന്നും പോകാതെ വീട്ടിൽ തന്നെ സ്വകാര്യ ചടങ്ങായി കുട്ടികളെ എഴുത്തിനിരുത്തുകയാണ് മലയാളികൾ.