പനച്ചിക്കാട്: ആമ്പൽപൂത്തുലഞ്ഞത് കാണാൻ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് എത്തിയ നാട്ടുകാർക്ക് കൂട്ടമായി ഫൈൻ അടിച്ച് നൽകി പോലീസ്. പനച്ചിക്കാട് അമ്പാട്ടുകടവ്, ഇരവിനല്ലൂർ കാരോത്തുകടവ് എന്നിവിടങ്ങളിലേക്ക് എത്തിയവരിൽ നിന്നാണ് പോലീസ് പിഴ ഈടാക്കിയത്.
നേരത്തെ മുതൽ തന്നെ പ്രദേശത്ത് ക്രമാതീതമായി ആളുകൾ കൂട്ടം കൂടുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് പരിശോധന കർശനമാക്കിയിരുന്നു. 5 പേരിൽ കൂടുതൽ കൂട്ടം ചേർന്നതിനും സാമൂഹിക അകലം പാലിക്കാത്തതിനും മാസ്‌ക് ധരിക്കാത്തതിനും നൂറിലധികം ആളുകളിൽ നിന്നാണു പിഴ ഈടാക്കിയത്. 200 രൂപ വീതമാണ് ഈടാക്കിയത്.
ആമ്പൽ വസന്തം കാണാനെത്തിയതിനല്ല പിഴ ഈടാക്കിയതെന്നും മറിച്ച് സാമൂഹിക അകലം പാലിക്കാതെയും നിയമങ്ങൾ തെറ്റിച്ചും കൂട്ടം കൂടിയവർക്കാണ് പിഴ നൽകിയതെന്നും ചിങ്ങവനം േസ്റ്റഷൻ ഹൗസ് ഓഫീസർ ബിൻസ് ജോസഫ് പറഞ്ഞു.
ടൂറിസത്തിനായി ഇവിടെ പഞ്ചായത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. കൂട്ടം കൂടുന്നവർക്കെതിരെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് എതിരെയും തുടർന്നും നടപടി സ്വീകരിക്കും. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പാസ് വാങ്ങി ആളുകളെ കയറ്റുന്ന ടൂറിസം കേന്ദ്രങ്ങൾക്ക് മാത്രമാണ് നിലവിൽ സർക്കാർ അനുമതി നൽകിയിട്ടുള്ളത്. അമ്പാട്ടുകടവും മലരിക്കൽ മേഖലയും ടൂറിസം കേന്ദ്രങ്ങളായി അനുമതി തേടാത്തതിനാൽ ഈ ഇളവുകൾ ലഭിക്കില്ലെന്നും മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനഃസംയോജന പദ്ധതി കോഓർഡിനേറ്റർ കെ അനിൽകുമാർ പറഞ്ഞു.
Discussion about this post