കൊല്ലം: സ്ത്രീധനക്കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച എസ്‌ഐ തന്നെ പ്രതിയോട് കൈക്കൂലി ആവശ്യപ്പെട്ട് ഒടുവിൽ വിജിലൻസ് വലയിലായി. അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച സ്ത്രീധന പീഡന കേസിലെ പ്രതിയോടാണ് അനുകൂലമായി മൊഴി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ശക്തികുളങ്ങര പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ അബ്ദുൾ സലിം കാൽ ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഈ തുക കൈപ്പറ്റവെ എസ്‌ഐ വിജിലൻസ് പിടിയിലാവുകയും ചെയ്തു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.
അഞ്ച് വർഷം മുമ്പ് അബ്ദുൾ സലിം ചവറ പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഫൈസൽ എന്നയാൾ പ്രതിയായി ഒരു സ്ത്രീധന പീഡന കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ അന്വേഷണം നടത്തി അബ്ദുൾ സലിം കുറ്റപത്രം കോടതി മുമ്പാകെ സമർപ്പിച്ചിരുന്നു. കോടതിയിൽ ഇപ്പോൾ വിചാരണയിലിരിക്കുന്ന ഈ കേസിൽ മൊഴി നൽകാൻ കഴിഞ്ഞയാഴ്ച അബ്ദുൾ സലിമിന് കോടതിയിൽ നിന്നും സമൻസ് വന്നിരുന്നതോടെയാണ് ഇയാൾ പ്രതിയായ ഫൈസലിനെ ബന്ധപ്പെട്ടത്. കോടതിയിൽ താൻ ഫൈസലിന് അനുകൂലമായി മൊഴി നൽകാമെന്നും 25000 രൂപ കൈക്കൂലിയായി നൽകണമെന്നും എസ്‌ഐ അറിയിച്ചു. ഇതിന് പിന്നാലെ, ഫൈസൽ ഇക്കാര്യം കൊല്ലം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ അശോക് കുമാറിനെ വിവരം അറിയിക്കുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം കരുനാഗപ്പള്ളിയിലെ അബ്ദുൾ സലിമിന്റെ ബന്ധുവിന്റെ ജ്വല്ലറിയിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്ത സമയത്തും പരാതിക്കാരനിൽനിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി പരാതിയുണ്ട്.
ഇൻസ്‌പെക്ടർമാരായ എം അജയനാഥ്, ജിഎസ്‌ഐമാരായ ഹരിഹരൻ, സുനിൽ, എ ഫിലിപ്പോസ്, എസ്‌ഐമാരായ അജയൻ, ജയഘോഷ്, സുരേഷ് കുമാർ, എസ്‌സിപിഒമാരായ ദീപൻ, ശരത് എന്നിവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.
Discussion about this post