തൃശ്ശൂർ: വീട്ടിലിരുന്ന് ലോക്ക്ഡൗൺ കാലത്ത് കേക്ക് നിർമ്മാണവും അച്ചാർ നിർമ്മാണവും ആരംഭിച്ച എല്ലാവർക്കും തിരിച്ചടിയായാണ് രജസ്‌ട്രേഷനും ലൈസൻസും നിർബന്ധമെന്ന ചട്ടം വന്നത്. മുമ്പ് തന്നെ ഈ ചട്ടം നിലവിലുണ്ടെങ്കിലും ലോക്ക്ഡൗൺ കാലത്ത് ഓൺലൈനായി വീടുകളിൽ നിന്നു ഭക്ഷ്യ ഉത്പന്നങ്ങളുടെ വിൽപ്പന തകൃതിയയാതോടെയാണ് ഇതൊക്കെ വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ലൈസൻസ് വേണമെന്ന നിർബന്ധവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തെത്തിയത്.
നിലവിലെ നിയമങ്ങളനുസരിച്ചു വാണിജ്യാടിസ്ഥാനത്തിൽ ഭക്ഷണസാധനങ്ങൾ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും ലൈസൻസും രജിസ്‌ട്രേഷനും ആവശ്യമാണ്. വീട്ടിലിരുന്നാണ് നിർമ്മാണമെങ്കിലും ഈ ചട്ടങ്ങൾ പാലിക്കണം. ഒരുവർഷത്തേക്കാണു രജിസ്‌ട്രേഷൻ, ലൈസൻസ് കാലാവധി. വർഷം 12 ലക്ഷമോ അതിലധികമോ തുക വരുമാനമുണ്ടെങ്കിൽ 3000 രൂപ അടച്ചു ലൈസൻസെടുക്കണം. അതിൽ കുറവാണു വരുമാനമെങ്കിൽ 100 രൂപയുടെ രജിസ്‌ട്രേഷൻ മതി.
ലൈസൻസിന് വലിയ ചിലവില്ലെങ്കിലും ഇവ ഇല്ലെങ്കിൽ 5000 രൂപയും മൂന്നുമാസംവരെ തടവും ആണു ശിക്ഷ ലഭിക്കുക. ഉപയോഗിക്കുന്ന ചേരുവകളും നിറങ്ങളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ളവ ആയിരിക്കണമെന്നും നിർബന്ധമുണ്ട്. ഫുഡ് സേഫ്റ്റി കംപ്ലയൻസ് സിസ്റ്റം അഥവാ ഫോസ്‌കോസ് വഴിയാണ് നവംബർ 1 മുതൽ രാജ്യത്താകെ ഫുഡ് ലൈസൻസ് അനുവദിക്കുക. നിലവിലെ വെബ്‌സൈറ്റായ എഫ്എൽആർഎസ് (ഫുഡ് ലൈസൻസിങ് ആൻഡ് റജിസ്‌ട്രേഷൻ) സംവിധാനം പുതിയ പ്ലാറ്റ്‌ഫോമിലേക്കു മാറുന്നതിന്റെ ഭാഗമായി 21 മുതൽ പ്രവർത്തനം നിർത്തിയിരിക്കുകയാണ്.
നിർമ്മാണത്തിന് ലൈസൻസ് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ ഇവ:
വാണിജ്യാടിസ്ഥാനത്തിലുള്ള ബേക്കിങ്, കേക്ക് നിർമ്മാണം, ബേക്കറി, പലഹാര നിർമ്മാണം, അച്ചാർ, കറിപ്പൊടി നിർമ്മാണം, കേറ്ററിങ് സർവീസ്, ഹോട്ടൽ, പച്ചക്കറി, മത്സ്യക്കച്ചവടം, പഴങ്ങളുടെയും പഴച്ചാറുകളുടെയും കച്ചവടം.
എങ്ങനെ അപേക്ഷിക്കാം:
ഓൺലൈനാണ് അപേക്ഷാ സംവിധാനം. അക്ഷയ കേന്ദ്രങ്ങൾ വഴി സഹായം തേടാവുന്നതാണ്. 100 രൂപ അടച്ചുള്ള രജിസ്‌ട്രേഷനു വേണ്ടി ഫോട്ടോയും തിരിച്ചറിയൽ രേഖയുടെയും ആധാർ കാർഡിന്റെയും പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. സംരംഭം പ്രവർത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനത്തിന്റെ അനുമതിപത്രവും ആവശ്യമാണ്. 3000 രൂപ അടച്ച്, ലൈസൻസിനാണ് അപേക്ഷിക്കുന്നതെങ്കിൽ ഫോട്ടോ ആവശ്യമില്ല.