കോട്ടയം: കോവിഡ് 19 വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന പോലീസ് ഓഫിസര്‍ മരിച്ചു. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ സി.കെ.രാജുവാണ് മരിച്ചത്. അമ്പത്തിനാല് വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
തൊടുപുഴ കോളപ്ര സ്വദേശിയാണ് ഇദ്ദേഹം. ഇപ്പോള്‍ വെങ്ങല്ലൂരിലാണ് താമസം. കഴിഞ്ഞദിവസം രാത്രിയാണ് മരണം സംഭവിച്ചത്. മൂന്നാഴ്ച മുന്‍പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
പ്രമേഹമുള്ളതിനാല്‍ തൊടുപുഴയിലെ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അതിനിടെ അസുഖം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു.
1990ല്‍ സര്‍വീസില്‍ പ്രവേശിച്ച രാജു അടുത്ത മേയ് 31ന് വിരമിക്കാനിരിക്കുകയായിരുന്നു. പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. ഭാര്യ: മായ, മക്കള്‍: നവനീത്, മാളവിക.
Discussion about this post