കൊല്ലം: വീടിന്റെ ടെറസില്‍ നിന്നും കാല് വഴുതി കിണറ്റില്‍ വീണ യുവാവിന് ദാരുണാന്ത്യം. ചവറ തേവലക്കര കോയിവിള പുത്തന്‍ സങ്കേതം മഠത്തില്‍ കിഴക്കതില്‍ പരേതനായ ഓമനക്കുട്ടന്റെ മകന് സന്തോഷ് കുമാര്‍ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു.
സമീപവാസിയുടെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ ഷെയ്ഡില് കയറി കരിക്കിടാന്‍ ശ്രമിക്കുന്നതിനിടെയാണ് സന്തോഷ് കാല് വഴുതി കിണറ്റില്‍ വീണത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. എന്നാല്‍ സന്തോഷ് കിണറ്റില്‍ വീണ വിവരം ആരും അറിഞ്ഞില്ല.
ആഴമേറിയ കിണറ്റില്‍ വീണ സന്തോഷിനെ വൈകിട്ട് അഞ്ചരയോടെയാണ് കണ്ടെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നാട്ടുകാര്‍ അപകട വിവരം അഗ്നിരക്ഷാസേനയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
അഗ്നിരക്ഷാസേനയും പൊലീസും എത്തിയാണ് സന്തോഷിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിര്‍മാണത്തൊഴിലാളിയായിരുന്നു. ഭാര്യ: പൊന്നു. മാതാവ്: സരസ്വതി. മക്കള്‍: സായി കൃഷ്ണന്, ശ്രാവണി കൃഷ്ണന്.
Discussion about this post