മലപ്പുറം: ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശം അയച്ച് പണം തട്ടാന്‍ ശ്രമം. കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി രംഗത്ത് വന്നിരിക്കുന്നത്. ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ക്കാണ് കളക്ടറുടെ പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശം എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ മുന്നറിയിപ്പ്.
5000 രൂപ വിലയുള്ള അഞ്ച് ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങി jamsteh08@gmail.com എന്ന ഇ-മെയിലിലേക്ക് കളക്ടറുടെ പേരില്‍ അയക്കണമെന്നാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങിയാല്‍ ഇ-മെയിലിലൂടെ അറിയിക്കണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.
വകുപ്പ് മേധാവികള്‍ക്ക് തന്റെ പേരിലുള്ള വ്യാജ ഇ-മെയിലുകള്‍ ലഭിച്ചതോടെയാണ് വ്യാജ മെയില്‍ സന്ദേശത്തെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം ഇ-മെയിലുകള്‍ വ്യാജമാണെന്നും ഇതില്‍ വഞ്ചിതരാകരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വ്യാജ ഇ-മെയില്‍ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷണൻ എന്ന പേരില്‍ ഒരു വ്യാജ ഇ മെയില്‍ സന്ദേശം പ്രചരിക്കുന്നു. ഇ മെയിലിലൂടെയാണ് സന്ദേശം പ്രചരിക്കുന്നത്. 5000 രൂപാ വീതം വിലമതിക്കുന്ന നാല് ആമസോണ്‍ ഈ കാര്‍ഡ് വാങ്ങി jamsteh08@gmail.com എന്ന ഇ മെയിലിലേക്ക് കളക്ടറുടെ പേരില്‍ അയക്കണമെന്ന വ്യാജ സന്ദേശമാണ് ജില്ലാ വകുപ്പ് മേധാവികളുടെ മെയിലിലേക്ക് ലഭിച്ചത്. കളക്ടര്‍ സ്വന്തം ഐ പാഡില്‍ നിന്നാണ് അയക്കുന്നത് എന്നാണ് സന്ദേശത്തില്‍ പറയുന്നത്. executivecdirector29@gmail.com എന്ന മെയിലില്‍ നിന്നാണ് സന്ദേശം ലഭിക്കുന്നത്. ഇത് വ്യാജമാണ്. ഇതില്‍ വഞ്ചിതരാകരുത്.
കെ ഗോപാലകൃഷ്ണൻ
ജില്ലാ കളക്ടര്‍, മലപ്പുറം