തിരുവനന്തപുരം: നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ സാംസ്‌കാരിക സമുച്ചയത്തിന് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിടും. തിങ്കളാഴ്ച വൈകിട്ടു മൂന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിടുക. പ്രണയവും വിരഹവും തീര്‍ത്ത വികാര വിചാരങ്ങളുടെ ആഴങ്ങള്‍ മലയാള ചലച്ചിത്ര പ്രേമികള്‍ക്കു കാട്ടിത്തന്ന അനശ്വര നടന്‍ പ്രേം നസീര്‍ മണ്‍മറഞ്ഞിട്ട് 31 ആണ്ടുകള്‍ പിന്നിടുമ്പോഴാണ് അദ്ദേഹത്തിനായി ഒരു സ്മാരകം ഉയരുന്നത്.
മൂന്നു പതിറ്റാണ്ടിനിപ്പുറവും പ്രേംനസീര്‍ എന്ന നാമം ഈ നാടിന്റെ ഹൃദയത്തില്‍ കളറായും ബ്ലാക്ക് ആന്‍ഡ് വൈറ്റായുമൊക്കെ തെളിഞ്ഞുതന്നെ നില്‍ക്കുന്നുണ്ട്. ആ ഓര്‍മകള്‍ക്ക് ഒരു സ്മാരകം വേണമെന്നത് തലമുറ ഭേദമില്ലാതെയുള്ള മലയാളിയുടെ ആഗ്രഹമാണ്. ആ ആഗ്രഹ പൂര്‍ത്തീകരണത്തിനാണ് നാളെ ശിലപാകുന്നത്. അദ്ദേഹത്തിന്റെ ജന്മനാടായ ചിറയിന്‍കീഴില്‍ ശാര്‍ക്കര ദേവീക്ഷേത്രത്തിനു സമീപമാണ് വെള്ളിത്തിരയിലെ നിത്യഹരിത നായകന്റെ പേരില്‍ സാംസ്‌കാരിക സമുച്ചയം ഒരുങ്ങുന്നത്. തികഞ്ഞ മതേതര വാദിയും മനുഷ്യ സ്‌നേഹിയുമായിരുന്ന മഹാനടന്റെ ഓര്‍മകള്‍ക്ക് ഈ ദേവീ ക്ഷേത്രത്തിന്റെ മണ്ണിലും പ്രൗഢമായ വേരുകളുണ്ട്.
ശാര്‍ക്കര ദേവിക്ക് ആദ്യമായി ഒരു ആനയെ കാണിക്കവച്ചതുള്‍പ്പെടെ. സിനിമയ്ക്കുള്ളിലും സിനിമയ്ക്കു പുറത്തും പ്രേം നസീര്‍ എന്തായിരുന്നുവെന്ന് ഓരോ മലയാളിയുടേയും ഹൃദയത്തിലുണ്ട്. അതുകൊണ്ടായിരിക്കാം ആ ഓര്‍മകള്‍ക്കു സ്മൃതി സ്മാരകം പണിയാന്‍ മൂന്നു പതിറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നിട്ടും ,ഒന്നിനും ഒരിക്കലും പരിഭവം പറഞ്ഞിട്ടില്ലാത്ത പ്രേംനസീറിനെ പോലെ തന്നെ സിനിമാപ്രേമികളും കാത്തിരുന്നത്.
‘മരുമകള്‍’ മുതല്‍ ‘ധ്വനി’ വരെ 781 സിനിമകളില്‍ നായകന്‍, മലയാളത്തില്‍ മാത്രം 672 എണ്ണം, 56 തമിഴ് സിനിമകള്‍, 21 തെലുങ്ക് സിനിമകള്‍, 32 കന്നഡ സിനിമകള്‍ എന്നിവയില്‍ നസീര്‍ തിളങ്ങി നിന്നു. മിസ് കുമാരി മുതല്‍ അംബിക വരെ എണ്‍പതിലധികം നായികമാരാണ് നസീറിനൊപ്പം തിളങ്ങിയത്. ഷീല എന്ന ഒറ്റ നായികയ്‌ക്കൊപ്പം മാത്രം നൂറ്റിമുപ്പതോളം സിനിമകള്‍. കുറ്റാന്വേഷകനായും എഴുത്തുകാരനായും കര്‍ഷകനായും കുടുംബനാഥനായും വടക്കന്‍ പാട്ടുകളിലെ വീരനായും പ്രണയഭാവം ആ പാദചൂഡം നിറഞ്ഞു നിന്ന നായകനായും അദ്ദേഹം പ്രേക്ഷക മനസ്സുകള്‍ കീഴടക്കി.
സസ്‌പെന്‍സും പ്രണയവും ആക്ഷനും കോമഡിയുമെല്ലാം അദ്ദേഹം അനായാസം ബിഗ് സ്‌ക്രീനില്‍ പകര്‍ന്നാടി… പ്രേം നസീര്‍ ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയെ എത്ര സ്വാധീനിച്ചിരുന്നെന്ന് ഈ കണക്കുകളില്‍ നിന്നു വ്യക്തമാകും.1983 ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ജന്മനാടായ ചിറയിന്‍കീഴിലൊരുങ്ങുന്ന പ്രേംനസീര്‍ സ്മാരക സാംസ്‌കാരിക സമുച്ചയം ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും ചലച്ചിത്ര പ്രേമികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടത്തക്ക വിധം മൂന്ന് നിലകളിലായി നിര്‍മിക്കുന്ന മന്ദിരത്തിന്റെ താഴത്തെ നിലയില്‍ 7,200, രണ്ടാമത്തെ നിലയില്‍ 4,000, മൂന്നാമത്തെ നിലയില്‍ 3,800 എന്നിങ്ങനെ ആകെ 15,000 ചതുരശ്ര അടി വിസ്തീര്‍ണ്ണവുമുണ്ട്.
താഴത്തെ നിലയില്‍ രണ്ട് ഹാളുകളിലായി മ്യൂസിയം, ഓഫീസ് എന്നിവയും ഓപ്പണ്‍ എയര്‍ തീയേറ്റര്‍ -സ്റ്റേജും ഉണ്ടാകും. രണ്ടാമത്തെ നിലയില്‍ ലൈബ്രറിയും കഫെറ്റീരിയയും മൂന്നാമത്തെ നിലയില്‍ മൂന്ന് ബോര്‍ഡ് റൂമുകളുമാണ് സജ്ജീകരിക്കുക. കൂടാതെ സ്മാരകത്തില്‍ പ്രേം നസീറിന്റെ മുഴുവന്‍ സിനിമകളുടെയും ശേഖരം, ചലച്ചിത്ര പഠനത്തിന് വേണ്ടിയുള്ള പ്രത്യേക സംവിധാനം, താമസ സൗകര്യം തുടങ്ങിയവയും ഉണ്ടാകും.
സ്മാരകം നിര്‍മ്മിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുണ്ടായിരുന്ന 66. 22 സെന്റ് ഭൂമി റവന്യൂ വകുപ്പ് വഴി സാംസ്‌കാരിക വകുപ്പിന് കൈമാറിയിരുന്നു. സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപയ്ക്കു പുറമെ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ കൂടി വകയിരുത്തി രണ്ടു കോടി രൂപയുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കാന്‍ പോകുന്നത്. സ്മാരക മന്ദിരം പണിയുന്നതിനുള്ള മണ്ണു പരിശോധന നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ.