സംസ്ഥാനത്ത് ലോക്ക് ഡൗണിനിടെ ആത്മഹത്യ ചെയ്തത് 158ഓളം കുട്ടികള്‍; കൂടുതലും മലപ്പുറത്ത്, വില്ലനായത് വീടുകളിലെ ‘കുത്തിയിരിപ്പും’

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിനിടെ ആത്മഹഹത്യ ചെയ്തത് 158ഓളം കുട്ടികളാണെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ശ്രീലേഖ ഐപിഎസ് അധ്യക്ഷയായ അഞ്ചംഗ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തത് മലപ്പുറത്താണ്. കൂടുതലും ജീവന്‍ എടുത്തത് പെണ്‍കുട്ടികളുമാണെന്നാണ് കണക്കുകളില്‍ വ്യക്തമാക്കുന്നത്.

90 പെണ്‍കുട്ടികളാണ് കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ ജൂലൈ 31 വരെയുള്ള സമയങ്ങളില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത കുട്ടികളില്‍ ഭൂരിഭാഗവും 15- മുതല്‍ 18 വയസ് വരെയുള്ള പ്രായ പരിധിയില്‍ പെട്ടവരാണ്. ഈ പ്രായത്തിലുള്ള 108 കുട്ടികളാണ് ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് സ്വയം ജീവനൊടുക്കിയത്.

പത്ത്, ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇവര്‍. പരീക്ഷ സംബന്ധിച്ചുള്ള സമ്മര്‍ദ്ദമോ പഠനസംബന്ധമായ വിഷയങ്ങളോ ആകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ആത്മഹത്യ കൂടുതലും നടന്നിട്ടുള്ളത് അവരവരുടെ വീടുകളില്‍ തന്നെയാണ്. മറ്റുള്ളവരുമായി ഇടപഴകാന്‍ സാധിക്കാതെ ദിവസത്തില്‍ ഭൂരിഭാഗം സമയവും വീടിനുള്ളില്‍ കഴിയേണ്ടി വരുന്നത് ആത്മഹത്യയ്ക്ക് കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അണുകുടുംബങ്ങളിലെ കുട്ടികളാണ് ആത്മഹത്യചെയ്തതില്‍ അധികവും. 132 പേരാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. എന്നാല്‍, ആത്മഹത്യ ചെയത 141 കുട്ടികള്‍ക്കും കാര്യമായ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാത്രമല്ല നന്നായി പഠിക്കുന്ന കുട്ടികള്‍ പോലും ജീവനൊടുക്കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്നത് മധ്യവര്‍ഗ കുടുംബങ്ങളിലാണ്. 51 ശത്മാനം. പാവപ്പെട്ട കുടുംബങ്ങളിലും കുട്ടികളുടെ ആത്മഹത്യ നിരക്ക് കുറവല്ല, 38 ശതമാനം മരണമാണ് സംഭവിച്ചിരിക്കുന്നത്. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ പ്രശ്‌നങ്ങളെ വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Exit mobile version