തിരുവനന്തപുരം: തന്നെ വിമർശിച്ച എഴുത്തുകാരി കെആർ മീരയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോൺ. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ സൈബർ പോരാളികളുടെ നിലാവാരത്തു നിന്ന് പറഞ്ഞ് കെആർ മീര സ്വയം ഇളിഭ്യയാകരുതെന്ന് വിനു ഏഷ്യാനെറ്റിൽ ന്യൂസ് അവറിനിടെ പറഞ്ഞു. ആളുകളെ വിമർശിക്കുമ്പോൾ മാധ്യമപ്രവർത്തകൂടിയായിരുന്ന കെആർ മീര ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് വിനു വി ജോൺ അഭിപ്രായപ്പെട്ടത്.
ലീഗ് പ്രവർത്തകൻ യാസിർ എടപ്പാളിന്റെ അശ്ലീല ഫേസ്ബുക്ക് കമന്റുകൾ ചർച്ചയിൽ വായിച്ചതിനെത്തുടർന്ന് പ്രേക്ഷകരോട് വിനു വി ജോൺ മാപ്പ് പറഞ്ഞ സംഭവത്തിൽ വിനുവിനെതിരെ കെആർ മീര രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മീരക്കെതിരെ വിനുവിന്റെ പ്രതികരണം.
യാസിർ എടപ്പാളിനെ വിളിച്ചുവരുത്തയതിന്റെ പേരിൽ താൻ പ്രേക്ഷകരോട് ക്ഷമചോദിച്ചിട്ടില്ലെന്നു വിനു ജോൺ അവകാശപ്പെട്ടു. യാസിർ എടപ്പാളിനെ ഏഷ്യാനെറ്റ് ചർച്ചയിൽ വിളിച്ചുവരുത്തിയെന്ന് സാമൂഹമാധ്യമങ്ങളിൽ പലരും പറഞ്ഞു നടക്കുന്നുണ്ടെന്നും എന്നാൽ അത് ശരിയല്ലെന്നും കെആർ മീരയെപ്പോലെ പ്രശസ്തരായവർ ഇത് പറയുമ്പോൾ മറുപടി പറയാതെ വയ്യാ എന്നു പറഞ്ഞുകൊണ്ടായിരുന്നു വിനുവിന്റെ മറുപടി.
‘ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന എഴുത്തുകാരിൽ ഒരാളായ ശ്രീമതി കെ.ആർ മീര ഇന്ന് എന്റെ പേരും ചാനലിന്റെ പേരും പറഞ്ഞിട്ട പോസ്റ്റാണ് ഞാൻ ഈ പറയുന്നതിന്റെ ആധാരം. ‘അവർ പറയുന്നു അശ്ലീലം നിറഞ്ഞ കമന്റുകൾ വായിക്കാൻ തയ്യാറായ സിപിഐഎം പ്രതിനിധിയുടെ മാന്യതയില്ലായ്മയാണ് അതെഴുതിയ യാസിർ എടപ്പാളിന്റെ സാന്നിധ്യത്തേക്കാൾ അവതാരകനെ അലട്ടിയത്’.-അവതാരകൻ പ്രേക്ഷകരോട് ക്ഷമ ചോദിച്ചത് യാസിർ എടപ്പാളിനെ വിളിച്ചിരുത്തിയതിനല്ല, യാസിർ എടപ്പാൾ ഈ ചർച്ചയിൽ പങ്കെടുത്തിട്ടില്ല, ഏഷ്യാനെറ്റ് ന്യൂസിൽ വന്നിട്ടില്ല,’ വിനു പറഞ്ഞു.
സ്വതന്ത്ര പത്രപ്രവർത്തകയും വ്ളോഗറുമായ സുനിത ദേവദാസിന് എതിരെയുള്ള ലീഗ് പ്രവർത്തകൻ യാസർ എടപ്പാളിന്റെ അശ്ലീല പരാമർശങ്ങൾ കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയിൽ സിപിഎം പ്രതിനിധി വായിച്ചതിന് പിന്നാലെയായിരുന്നു വിവാദത്തിന് തുടക്കമായത്.
കേട്ടാലറയ്ക്കുന്ന അശ്ലീല വാക്കുകൾ ചർച്ചയിൽ ഉപയോഗിച്ചതിനു പ്രേക്ഷകരോട് മാപ്പ് പറഞ്ഞ് അവതാരകൻ രംഗത്തെത്തിയിരുന്നു. ഈ മാപ്പപേക്ഷയെ ചോദ്യം ചെയ്താണ് സുനിത രംഗത്തെത്തിയത്. നേരത്തെ കെആർ മീരയെ അനുകൂലിച്ചുള്ള പോസ്റ്റിന് താഴെയാണ് യാസർ എടപ്പാൾ സുനിതയെ ആക്ഷേപിച്ചത്. അതുകൊണ്ടുതന്നെ സുനിതയ്ക്ക് പിന്തുണയുമായി കെആർ മീര രംഗത്തെത്തുകയായിരുന്നു. ഈ വിവാദങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ടെന്ന് സുനിത പോസ്റ്റ് ചെയ്ത വീഡിയോ ഷെയർ ചെയ്തു കൊണ്ട് കെആർ മീര പറഞ്ഞിരുന്നുു. ഫേസ്ബുക്കിലൂടെയായിരുന്നു മീരയുടെ പ്രതികരണം.
Discussion about this post