മലപ്പുറം: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ എതിര്‍പ്പറിയിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇനിയും ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടന്ന യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പെണ്‍കുട്ടികളുടെ വിവാഹം പ്രായം 21 ആയി ഉയര്‍ത്താനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ വിവാഹ പ്രായം 21 ആക്കുന്നതിലൂടെ സാംസ്കാരിക അധഃപതനത്തിനും മൂല്യച്ച്യുതിക്കും കാരണമാവുമെന്നും അതിനുപുറമെ പെണ്‍കുട്ടികളുടെ ശാരീരിക-മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവും കൂടിയാണിതെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കി.
വികസിത രാഷ്ട്രങ്ങളുള്‍പ്പെടെ ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 മുതല്‍ 18 വരെയാണെന്നും എന്നാല്‍ ഇന്ത്യന്‍ വിവാഹ പ്രായത്തില്‍ മാത്രം മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണെന്ന് യോഗം വിലയിരുത്തി.
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാനും വിവിധ രാഷ്ട്രീയ-മത-സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുവാനും യോഗം തീരുമാനിച്ചു.
Discussion about this post