തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധമൂലം മരിച്ചവരുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്കാന് തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇത് സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള അവസരമാണ് നല്‍കുന്നത്. മൃതദേഹം ലെയര്‍ ചെയ്തായിരിക്കും കൊണ്ടുവരിക. അതേസമയം സംസ്കാരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്വറന്റൈന് നിര്‍ബന്ധമാണ്.
വൈറസ് ബാധിച്ച് മരണമടഞ്ഞാല്‍ മൃതദേഹത്തില്‍ നിന്നും വളരെപ്പെട്ടെന്ന് രോഗ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്കരിക്കാന്‍ ഒത്തുകൂടാനോ പാടില്ലെന്നും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരും പത്ത് വയസിന് താഴെ പ്രായമുള്ളവരും ഒരു കാരണവശാലും സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ കൃത്യമായ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആഴത്തിലുള്ള കുഴിയെടുത്ത് വേണം സംസ്കാരം നടത്താന്‍. സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം കൊണ്ടുപോയ വാഹനവും സ്ട്രക്ച്ചറും അണുവിമുക്തമാക്കണം.
Discussion about this post