നിലമ്പൂരിലെത്തിയപ്പോള്‍ ഒന്നു കുളിക്കാനിറങ്ങി, പിന്നാലെ പറന്നെത്തി കേരളാ പോലീസ് എന്നിട്ടൊരു ചേദ്യം മാവോസ്റ്റാണോ എന്ന്..! നമ്മുടെ പോലീസ് കിടുവാണ് കേട്ടാ, കണ്ടു പഠിക്കണം.. യുവാവിന്റെ കുറിപ്പ്

തൃശ്ശൂര്‍: ഇന്ന് കേരളാ പോലീസ് സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അവരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം ഏറെ ശ്രദ്ധേയമാണ്. പൊതു ജനങ്ങള്‍ക്ക് നല്ലകാര്യങ്ങള്‍ ട്രോളുകളുടെ രൂപത്തില്‍ കൈകാര്യം ചെയ്യുന്നു. ഇത് യുവാക്കളിലേക്ക് മെസേജ് എത്തിക്കാന്‍ എളുപ്പമാണ്.

തങ്ങളുടെ മുമ്പിലെത്തുന്നത് അന്യദേശക്കാരനാണെങ്കിലും നമ്മുടെ പോലീസുകാര്‍ അവര്‍ക്ക് മാതൃകയാക്കാവുന്നതാണ്. അതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ് കണ്ണൂരില്‍ നിന്നും നിലമ്പൂരിലേക്ക് ബൈക്കില്‍ കറങ്ങാന്‍ പോയ ജിതിന്‍ ജോഷി എന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പട്ടാളക്കാരുടെ യൂണിഫോമിനു സമാനമായ വസ്ത്രം ധരിച്ചതിനാല്‍ സ്ഥലത്തെത്തിയ പോലീസുദ്യോഗസ്ഥര്‍ക്ക് മാവോയിസ്റ്റ് ആണെന്ന് സംശയം തോന്നി. അല്ല അവരെ കുറ്റം പറയാനാകില്ല, കാരണം നിരന്തരം മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയാണിത്.

എന്നാല്‍ സംശയം തോന്നിയിട്ടും അവര്‍ വളരെ നല്ല രീതിയില്‍ സംസാരിച്ചെന്നും ശേഷം സ്റ്റേഷനില്‍ പോകേണ്ടി വന്നതും അവിടെ നിന്നും തങ്ങള്‍ക്ക് ലഭിച്ച ഊഷ്മളമായ അന്തരീക്ഷത്തയും കുറിച്ചെല്ലാമാണ് ജിതിന്‍ പറയുന്നത്.

ജിതിന്‍ ജോഷിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

കണ്ണൂരിൽ നിന്നും രാവിലെ വണ്ടിയെടുത്തതാണ്..
നെടുംപൊയി ചുരം കേറി വയനാട്ടിലൂടെ ഒന്ന് വലംവച്ചു താമരശ്ശേരി ചുരം ഇറങ്ങി നേരെ തുഷാരഗിരി..

അവിടെനിന്നും നിലമ്പൂർ എത്തിയപ്പോളേക്കും ചെറിയ രീതിയിൽ ക്ഷീണം തുടങ്ങിയിരുന്നു…

ഒരു ചായ കുടിച്ചതിനുശേഷം വീണ്ടും ഓട്ടം..
പോത്തുകല്ലു എന്ന ഗ്രാമത്തിലേക്ക്..
സുഹൃത്ത് ശ്രീനാഥിന്റെ സ്വന്തം നാടാണ്..

കാടും നാടും ഇടയ്ക്കിടെ കൂട്ടുകൂടി പിരിയുന്ന സ്ഥലം..
വണ്ടി ഓടുമ്പോൾ മിക്കയിടത്തും റോഡിന്റെ ഒരു വശം കാടാണ്..

ഒരു വലിയ പുഴയുടെ ഓരം ചേർന്ന് നിന്നായിരുന്നു ചർച്ച..
പുഴ കണ്ടപ്പോ ഒന്ന് മുങ്ങിയാലോ എന്നൊരു തോന്നൽ..

ശ്രീയോട് പറഞ്ഞപ്പോൾ നൂറു സമ്മതം..
അവിടെ വേറൊരു സ്ഥലമുണ്ട് ഇത്തിരി പോയാൽ..
കുളിക്കാൻ അവിടെ പോകാം എന്ന് പറഞ്ഞു..
വണ്ടിയെടുത്ത് ഏതൊക്കെയോ ഇടവഴികളിലൂടെ കറങ്ങി അവസാനം പുഴയുടെ തീരമെത്തി..

ആശ്വാസത്തോടെ ഒരു കുളി പാസാക്കാൻ ഇറങ്ങിയപ്പോളാണ് ശ്രീനാഥ്‌ വിളിക്കുന്നത്..
വേഗം വരാൻ..
കുളിക്കാൻ ഇറങ്ങിയ ഞങ്ങൾ വീണ്ടും ഡ്രസ്സ്‌ മാറ്റി വണ്ടി വച്ചയിടത്തേക്ക് നടന്നു.

ശ്രീയോടൊപ്പം വേറെ രണ്ടുപേർ നിൽക്കുന്നു.
പോത്തുകല്ലു സ്റ്റേഷനിലെ പോലീസുകാരാണ്.
ഒരാൾ സാധാരണ പാന്റ്സും ഷർട്ടും, മറ്റൊരാൾ ലുങ്കിയും ബനിയനുമാണ് വേഷം..

“സാധനം വല്ലോം ഇരിപ്പുണ്ടോ ഭായ്..?
ഞങ്ങൾ രണ്ടെണ്ണം അടിക്കാൻ വന്നതാ.. ”

കയ്യിലിരുന്ന കുപ്പി കാണിച്ചു ആദ്യ ചോദ്യം..

ഞങ്ങൾ ചിരിച്ചുകൊണ്ട് പറഞ്ഞു :
“ദാ.. ടെന്റുണ്ട്.. വേറൊന്നും ഇല്ല..”

ശേഷം ഞങ്ങളെക്കുറിച്ചു ചില ചോദ്യങ്ങൾ..
നാട്, വീട്, ജോലി, ഇവിടെ എന്തിനു വന്നു അങ്ങനെയങ്ങനെ..
കാരണം ഞങ്ങൾ മാവോയിസ്റ്റ് ആണോ എന്ന് അവർക്കൊരു സംശയം..
അവരെയും തെറ്റ് പറയാൻ പറ്റില്ല..
കണ്ടാലും അങ്ങനെയേ തോന്നൂ..

അങ്ങനെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം (ചിരിയോടെ തന്നെ )എല്ലാരേയും നിർത്തി ഒരു കിടുക്കൻ ഫോട്ടോയും എടുത്തു .. 😊

സംശയങ്ങൾ ഒക്കെ അവസാനിച്ചെങ്കിലും ഞങ്ങളുടെ ഡ്രസ്സ്‌ പ്രശ്നം ഉണ്ടാക്കി..
ആർമി മോഡൽ ഡ്രസ്സ്‌ ആയിരുന്നു ഞങ്ങൾ രണ്ടാളും..
അതിനാലാവും കുളിയൊക്കെ കഴിഞ്ഞു ഒന്ന് സ്റ്റേഷൻ വരെ വരാവോ എന്നവർ ചോദിച്ചത്..
ആയിക്കോട്ടെ.. കുളികഴിഞ്ഞു അതുവഴി വന്നേക്കാം എന്നും പറഞ്ഞു ഞങ്ങൾ പുഴയിലേക്ക് നടന്നു..

ഇത്തിരി കലങ്ങിയ വെള്ളം ആയിരുന്നെങ്കിൽകൂടി വിശാലമായിതന്നെ ഒരു കുളി പാസാക്കി.
നല്ല തണുത്ത വെള്ളം..
കുളി കഴിഞ്ഞപ്പോൾത്തന്നെ ഒരു ഉഷാർ വന്നു.. കൂടെ വിശപ്പും..

എങ്കിൽപിന്നെ താമസിക്കണ്ട എന്ന് കരുതി ഡ്രസ്സ്‌ മാറി നേരെ സ്റ്റേഷനിലേക്ക്..
ഒരു ചെറിയ സ്റ്റേഷൻ ആണ്..
കേരളത്തിൽ ഏറ്റവും കൂടുതൽ മാവോയിസ്റ്റ് ആക്രമണസാധ്യത ഉള്ള സ്റ്റേഷനാണ്.
സ്റ്റേഷന്റെ പിൻവശം തുറന്ന കാടാണ്..
അതുതന്നെയാണ് പ്രധാന ഭീഷണിയും..
പക്ഷേ കണ്ണൂരിലെ പേരാവൂർ ഭാഗങ്ങളിലെ പോലിസ് സ്റ്റേഷനുകളിൽ കാണുന്നതുപോലെ ഒരു ഇടുങ്ങിയ കിടങ്ങിലൂടെ മാത്രം സ്റ്റേഷനിലേക്ക് കയറുന്ന രീതി ഇവിടെ കണ്ടില്ല..
മാവോയിസ്റ്റ് പ്രശ്നം കാരണം വർഷങ്ങളായി തണ്ടർ ബോൾട്ട് ടീം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്

സ്റ്റേഷനിൽ ഞങ്ങൾ എത്തുമ്പോൾ രാത്രി ഏതാണ്ട് 9.30 കഴിഞ്ഞിരുന്നു.
എല്ലാവരും ഭക്ഷണം കഴിക്കാനുള്ള തിരക്കിലാണ്..
ഞങ്ങളെ നേരത്തെ കണ്ട പോലീസ്കാരൻ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു..
ഞങ്ങളെ കണ്ടപ്പോൾ ഉള്ളിലേക്ക് കയറി ഇരിക്കാൻ പറഞ്ഞു.
ലോക്കപ്പിന് വെളിയിൽ ഇട്ടിരിക്കുന്ന കസേരകളിൽ ഞങ്ങൾ ഇരുന്നു..

തണ്ടർ ബോൾട്ട് ടീമംഗം ആവണം, ഒരു പോലീസ്കാരൻ വന്നു..
ഞങ്ങളെ പരിചയപ്പെട്ടു..
ലോക്കപ്പിന്റെ വാതിൽ ഭാഗത്ത് ഇട്ട കസേരയിൽ ഇരുന്ന വിജിത് ഭായിയോട് ഇത്തിരി നീങ്ങിയിരുന്നോളാൻ പറഞ്ഞു..
ലോക്കപ്പിൽ കിടക്കുന്ന ആൾ ഇത്തിരി പ്രശ്നക്കാരനാണത്രെ..
വീണ്ടും ചോദ്യങ്ങൾ..
പക്ഷേ ഒരിക്കൽ പോലും ആ പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്തുനിന്നും ചിരി മാഞ്ഞില്ല..
ശരിക്കും കുശലാന്വേഷം പോലെയൊരു ചോദ്യംചെയ്യൽ..

ഇന്ത്യയിൽ ഉടനീളം യാത്ര ചെയ്യുന്നതിനിടയിൽ മിക്കവാറും സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനിൽ കയറിയിട്ടുണ്ട്.. Tent പെർമിഷൻ വാങ്ങാനും മറ്റും..
പക്ഷേ ഇത്രയും സൗഹാർദ്ദപരമായി, മാന്യമായി ഇടപെടാൻ നമ്മുടെ കേരളാ പൊലീസിന് മാത്രമേ സാധിക്കൂ..
ഒരു ടൂറിസ്റ്റിനോട് അല്ലെങ്കിൽ ആ നാട് കാണാൻ വന്ന ഒരാളോട് തികച്ചും മാന്യമായി അറിയേണ്ട കാര്യങ്ങൾ ചോദിച്ചറിയുന്ന രീതി..

അതും നിലമ്പൂർ പോലെയുള്ള, മാവോയിസ്റ്റ് സ്വാധീനം വളരെ കൂടുതലായുള്ള ഒരു സ്ഥലത്താണ് എന്നുകൂടി ഓർക്കണം..

വിദ്യാഭാസമുള്ള, പെരുമാറാൻ അറിയാവുന്ന സേനാംഗങ്ങളാണ് കേരളപോലീസിന്റെ മുഖമുദ്ര..
അതുതന്നെയാണ് നമ്മുടെ ചുണക്കുട്ടികളെ ഇന്ത്യയിലെ മികച്ച പോലീസ് സേന എന്ന് പറയുന്നത്..

ചോദ്യങ്ങൾ അവസാനിപ്പിച്ചു ഫോൺ നമ്പറും കൊടുത്തു കഴിഞ്ഞപ്പോളേക്കും കൊല്ലംകാരനായ ആ ഉദ്യോഗസ്ഥൻ നല്ല സുഹൃത്തായിക്കഴിഞ്ഞിരുന്നു..
പിന്നെ അവർ നമ്മുടെ സന്തോഷ്‌ ജോർജ് കുളങ്ങരയെ കണ്ട കാര്യമൊക്കെ പറഞ്ഞിരുന്നു കുറച്ചു നേരം..
യാത്രകളെക്കുറിച്ചു ചെറിയ സംസാരം..
പോലീസ് ചേച്ചിമാരുടെ കുശലങ്ങൾ..
ശേഷം വിശപ്പ് മൂത്തപ്പോൾ യാത്ര പറഞ്ഞിറങ്ങി..

അങ്ങനെ ഇതുവരെയുള്ള പോലീസ് സ്റ്റേഷൻ അനുഭവങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവം ഞങ്ങൾക്ക് തന്നു നിലമ്പൂർ പോത്ത്കല്ലിലെ സ്റ്റേഷനും പോലീസ്കാരും..

ഒരിക്കൽപോലും ചോദ്യം ചെയ്യപ്പെടുകയാണ് എന്ന തോന്നൽ ഇവർ ഞങ്ങൾക്ക് നൽകിയില്ല..
മനോഹരമായി തങ്ങളുടെ ഡ്യൂട്ടി നിർവഹിച്ചു..
ചിരിക്കുന്ന മുഖത്തോടെ..

കാടിനോട് ചേർന്ന്, സ്വന്തം നാടും വീടും വിട്ട് ഇത്രയും പ്രശ്നം ഉള്ള (എന്നാൽ മനോഹരമായ) ഇന്നാട്ടിൽ വന്നു സേവനം ചെയ്യുന്ന നിലമ്പൂരിലെ എല്ലാ പോലീസുകാർക്കും, പ്രത്യേകിച്ച് പോത്തുകല്ലു സ്റ്റേഷനിൽ ജോലി ചെയ്യുന്നവർക്ക് ഒരു ബിഗ് സല്യൂട്ട്.. ❤

Exit mobile version