കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ കിട്ടുന്നില്ല, വീട്ടില്‍ ആകെയുള്ളത് ഒരു ഫോണ്‍ മാത്രം, അതാണെങ്കില്‍ സഹോദരനും സഹോദരിക്കും പഠിക്കാന്‍ വേണം, എട്ടാംക്ലാസ്സുകാരന് തന്റെ പരാതി പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനോടായിരുന്നു. പരാതി അറിഞ്ഞതോടെ മുഖ്യമന്ത്രി പരിഹാരം കാണുകയും ചെയ്തു.
ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയ വിദ്യാര്‍ത്ഥിക്ക് മുഖ്യമന്ത്രി ലാപ്ടോപ്പ് തന്നെ വാങ്ങി നല്കി. കോഴിക്കോട് പുന്നശ്ശേരി സ്വദേശിയും പതിമൂന്നുവയസ്സുകാരന് ജസീല്‍ അബൂബക്കറിനെയാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ സമ്മാനം തേടിയെത്തിയത്.
ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ കിട്ടുന്നില്ല. സഹോദരനോടും സഹോദരിയോടും അടിപിടി കൂടേണ്ട അവസ്ഥ. തുടര്‍ന്നാണ് പ്രശ്നം തീര്‍ക്കാന്‍ ജസീല്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയത്. ഗൂഗിളില്‍ നിന്ന് നമ്പരെടുത്ത് മുഖ്യമന്ത്രിക്ക് മെസേജ് ചെയ്തു.
എന്നാല്‍ തന്റെ മെസേജ് മുഖ്യമന്ത്രി കണ്ടിട്ടില്ലെന്ന് തന്നെ ജസീല്‍ വിചാരിച്ചു. പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ ജസീലിനെ തേടി കോളെത്തി. അങ്ങനെ മൊബൈല്‍ ഫോണ്‍ ആഗ്രഹിച്ച നരിക്കുനി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറിയിലെ എട്ടാം ക്ലാസുകാരന് ജസീലിന് കിട്ടിയത് ലെനോവയുടെ ലാപ്ടോപ്പ്.
ഇനിയിപ്പോ മുഖ്യമന്ത്രി സമ്മാനിച്ച ലാപ്ടോപ് ഒക്കെ വച്ച് അല്പം ഗമയിലാണ് ജസീലിന്റെ പഠിത്തം. മുഖ്യമന്ത്രിയുടെ സമ്മാനം എത്തിയ സന്തോഷത്തിലാണ് ജസീലിന്റെ കുടുംബവും.
Discussion about this post