കൊച്ചി: യുട്യൂബിലൂടെ ആക്ഷേപകരമായ അശ്ലീല പരാമർശങ്ങൾ നടത്തിയ ആളെ കൈയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടേയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി അടുത്ത വെള്ളിയാഴ്ച. അതുവരെ ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. കേസ് വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കുമ്പോഴാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഉണ്ടാകുക. അതേസമയം, പ്രതികൾക്ക് മുൻകൂർജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ഇവർക്ക് എതിരെ ചുമത്തിയ മോഷണക്കുറ്റം, അതിക്രമിച്ചു കടക്കൽ എന്നീ രണ്ടുവകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. വിജയ് പി നായർ ഭാഗ്യലക്ഷ്മിയെയും സുഹൃത്തുക്കളെയും തന്റെ മുറിയിലേക്ക് വരാൻ ക്ഷണിക്കുകയായിരുന്നു. ലാപ്ടോപ്പും മൊബൈൽ ഫോൺ അടക്കമുളള ഉപകരണങ്ങളും വിജയ് പി നായർ തന്നെയാണ് ഭാഗ്യലക്ഷ്മിക്കും മറ്റു രണ്ടുപേർക്കും നൽകിയത്. ഇവ സംഭവ ദിവസംതന്നെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഈ രണ്ടുവകുപ്പുകളും പ്രതികൾക്കെതിരെ നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ മഷിയും ചൊറിയണവുമായി പ്രതികൾ എത്തിയത് വിജയ് പി നായരെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എത്ര വലിയ തെറ്റു ചെയ്ത ആളാണെങ്കിലും നിയമം കൈയിലെടുത്ത് ഒരാളെ ആക്രമിക്കുന്നത് ശരിയല്ലല്ലോ എന്ന് കേസ് പരിഗണിക്കുന്നതിനിടയിൽ കോടതി നിരീക്ഷിച്ചു. കേസിൽ വിശദമായ വാദം പൂർത്തിയായിട്ടുണ്ട്.