എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് അദ്വൈതിന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ അപ്പൂപ്പന് നടരാജന്റെ കണ്ണുനിറയും. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആ ചിരിമായാതെ സൂക്ഷിക്കാന്‍ അവന് വേറെ ആരുണ്ട് എന്ന ചിന്തയാണ് അപ്പൂപ്പനെ തളര്‍ത്തുന്നത്.
ഒരുപാട് സുമനസ്സുകളുടെ സ്നേഹത്തിന്റെ തണലിലാണ് അദ്വൈത് പഠിക്കുന്നതും വളരുന്നതുമെല്ലാം. അദ്വൈതിന് രണ്ടു വയസ്സുള്ളപ്പോഴാണ് അമ്മ ഗീതു വിട്ടുപോയത്. അച്ഛന് ജയരാജും അപ്പൂപ്പന് വലിയ കരിത്തറ വീട്ടില്‍ നടരാജനുമായിരുന്നു പിന്നെ അദ്വൈതിന്റെ എല്ലാം.
നടരാജന്റെ ഭാര്യ വത്സല നേരത്തെ മരിച്ചു. എന്നാല്‍ 2018 മാര്‍ച്ച് 29 ന് അച്ഛന് ജയരാജ് അപകടത്തില്‍പെട്ടു മരിച്ചതോടെ അദ്വൈതിന് മാതാപിതാക്കളുടെ സ്നേഹം പൂര്‍ണമായും നഷ്ടപ്പെട്ടു. ലൈറ്റ് ആന്‍ഡ് സൗണ്ട് തൊഴിലാളിയായിരുന്ന ജയരാജ് കുമരകത്തു ജോലിക്കിടെ വൈദ്യുതാഘാതമേറ്റാണ് മരിച്ചത്.
ഇതോടെ അദ്വൈതിന്റെ ജീവിതം അനിശ്ചിതത്വത്തിലായി. അച്ഛനും അമ്മയുമില്ലാത്ത വിഷമം അറിയിക്കാതെ പിന്നീട് നടരാജനാണ് അദ്വൈതിനെ സംരക്ഷിച്ചത്. പശുവിനെ വളര്‍ത്തല്‍ മാത്രമാണ് നടരാജന്റെ വരുമാനമാര്‍ഗ്ഗം. ഇപ്പോള്‍ പ്രായമേറിയതോടെ ആരോഗ്യപ്രശ്നങ്ങളുണ്ട്.
സുമനസ്സുകളുടെ സഹായത്തോടെയാണ് ചേര്‍ത്തല മുട്ടത്തിപ്പറമ്പ് പ്രതീക്ഷ ഭവനിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയായ അദ്വൈത് പഠിക്കുന്നതും വളരുന്നതും. അയല്‍വാസിയായ ആനിയമ്മ സൗജന്യമായി ട്യൂഷനെടുക്കും. തൊട്ടടുത്ത വീട്ടിലെ ശോഭനയും കുടുംബവും ദിവസവും രാവിലെ അവന് ഭക്ഷണം നല്‍കും.
കൂട്ടുകാരന് അര്‍ഷാദിന്റെ വീട്ടില്‍ നിന്നാണ് ഉച്ചയ്ക്കുള്ള ഭക്ഷണം. ഒരു ബന്ധുവാണ് രാത്രിയില്‍ ഭക്ഷണമെത്തിക്കുന്നത്. അദ്വൈതിന്റെ അധ്യാപികയായിരുന്ന ശാലുവായിരുന്നു നേരത്തെ ഭക്ഷണമെത്തിച്ചിരുന്നത്. പണിതീരാത്ത കൊച്ചുവീട്ടിലാണ് അദ്വൈതും നടരാജനും താമസിക്കുന്നത്.
അദ്വൈതന്റെ സഹായത്തിനായി പഞ്ചായത്ത് അംഗം ജോസഫ് ജോബിന് മുന്‍കയ്യെടുത്ത് സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. യൂണിയന് ബാങ്ക് ചേര്‍ത്തല ശാഖയില്‍ അദ്വൈതിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 9747022404, 9995676863. ബാങ്ക് അക്കൗണ്ട് നമ്പര്‍: 360902120001143, ഐഎഫ്എസ് കോഡ്: UBINO536091.
Discussion about this post