തിരുവനന്തപുരം: നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ബൈക്കിന് പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും ഇനിമുതല്‍ ഇരുചക്രവാഹനം ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും.
കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസന്‍സിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ അറിയിച്ചു. കേന്ദ്രനിയമത്തില്‍ 1000 രൂപ പിഴ നിശ്ചയിച്ചിരുന്നത് 500 രൂപയായി സംസ്ഥാനസര്‍ക്കാര്‍ കുറച്ചിരുന്നു.
എന്നാല്‍, മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ പിന്‍വലിച്ചിട്ടില്ല. നിയമ ലംഘനം നടത്തുന്നവര്‍ പിഴ അടച്ചാലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്‌സിന് അയക്കാനും കഴിയും.
ഈ വ്യവസ്ഥകള്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ നടപ്പാക്കിയപ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ഉയര്‍ന്നതായാണ് വിവരം. അപകടമരണനിരക്ക് 40 ശതമാനം കുറയുകയും ചെയ്തുവെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.