തിരുവനന്തപുരം: നിയമ നടപടിയിലേക്ക് കടക്കും മുമ്പ് ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നു. ആറന്മുള സ്വദേശിയായ പരാതിക്കാരന് പണം തിരികെ നല്‍കുമെന്ന് സ്ഥാപന ഉടമ വിജയന് സന്നദ്ധത അറിയിച്ചതായാണ് സൂചന.
കുമ്മനവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ സമ്മര്‍ദമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്മനം രാജശേഖരന് സാമ്പത്തിക തട്ടിപ്പ്കേസില്‍ പ്രതിയായത് ബിജെപിക്ക് വന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ആറന്മുളയിലെത്തിയ കുമ്മനം രാജശേഖരന് പാര്‍ട്ടിയിലെ തന്റെ അടുപ്പക്കാരുമായി വിഷയം ചര്‍ച്ച ചെയ്തു. ഇടപെടലിനു ചിലരെ ചുമതപ്പെടുത്തിയതായും സൂചനകളുണ്ട്. കേസില്‍ കുമ്മനം നാലാം പ്രതിയാണ്. പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്സ് ബാനര്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗദാനം ചെയ്ത് മുപ്പത് ലക്ഷത്തിലധികം രൂപ തട്ടിയെന്ന കേസിലാണ് കുമ്മനം രാജശേഖരനെ പ്രതി ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ പ്രതിയാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് രംഗത്തെത്തി. മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സുരേന്ദ്രന്റെ വാദം.
കുമ്മനത്തിനെതിരെ കള്ളക്കേസെടുത്ത കേരള പൊലീസിന്റെ നിലപാടിനെതിരെ ഇന്ന് ബിജെപി സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കും. വീടുകളിലും കവലകളിലും കരിങ്കൊടി ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്നും സുരേന്ദ്രന് അറിയിച്ചു.
Discussion about this post