തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎ സർക്കാരിന്റെ നേട്ടമെന്ന് ചൂണ്ടിക്കാണിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച വീടിന്റെ ചിത്രവുമായി ഉയർന്ന വിവാദത്തിൽ ഒടുവിൽ വിശദീകരണവുമായി വീട്ടുടമ. ചിത്രത്തിലെ വീട് ലൈഫ് പദ്ധതി കൊണ്ട് തന്നെ നിർമ്മിച്ചതാണെന്ന് വീടിന്റെ ഉടമയായ ജെമിച്ചൻ ജോസ്. ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഇക്കാര്യം ജെമിച്ചൻ വിശദീകരിച്ചത്.
നേരത്തെ വികെ പ്രശാന്ത് ‘നമ്മുടെ സർക്കാർ’ എന്ന തലക്കെട്ടോടെ ജെമിച്ചന്റെ വീടിന്റെ ചിത്രം പങ്കുവെച്ചിരുന്നു. മുമ്പത്തെ ടാർപോളിൻ വിരിച്ച സുരക്ഷയില്ലാത്ത വീടും പുതിയ അടത്തുറപ്പുള്ള കോൺക്രീറ്റ് വീടിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ട് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീട് എന്ന അർത്ഥത്തിലാണ് എംഎൽഎ ചിത്രം ഫേസ്ബുക്കിലിട്ടത്. എന്നാൽ വീട്ടുകാരനായ ജെമിച്ചൻ വീട് സർക്കാർ തന്നതല്ലെന്നും തങ്ങൾ കൂലിപ്പണി ചെയ്തുണ്ടാക്കിയതാണെന്നും ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരുന്നു.
ചിത്രത്തിലുള്ളത് തന്റെ അച്ഛനും അമ്മയുമാണെന്നും ഒന്നും അറിയാതെ പോസ്റ്റ് ഇടരുതെന്നും ജെമിച്ചൻ കമന്റ് ചെയ്തതോടെ എംഎൽഎ പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാൽ ഇതിനോടകം ഈ പോസ്റ്റിന്റെ സ്കരീൻഷോട്ട് വ്യാപകമായി പ്രചരിക്കുകയും സോഷ്യൽമീഡിയയിൽ നിരവധി ട്രോളുകൾ എംഎൽഎയ്ക്ക് എതിരായി ഉയരുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ജെമിച്ചൻ ആരും ട്രോളുകൾ ഉണ്ടാക്കരുതെന്നും വീട് ലൈഫ് പദ്ധതിയിലെ സഹായം ലഭിച്ചത് കാരണം നിർമ്മിച്ചതാണെന്നും വിശദീകരിച്ച് രംഗത്തെത്തിയത്. വീട് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിച്ചതായിരുന്നു. എന്നാൽ പിന്നീട് എക്സറ്റൻഷൻ വർക്കുകൾ സ്വയം ചെലവാക്കി ചെയ്തതാണെന്നും ജെമിച്ചൻ പറഞ്ഞു. സർക്കാരിനെ തള്ളിപ്പറഞ്ഞതല്ലെന്നും ജെമിച്ചൻ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. നാല് ലക്ഷം രൂപ പഞ്ചായത്തിന്റെ സഹായത്തോടെ സർക്കാർ തന്നതാണെന്നും പിന്നീടുള്ള പണികൾ തങ്ങൾ പൂർത്തിയാക്കിയതാണെന്നും ജെമിച്ചൻ പറഞ്ഞു.
Discussion about this post