കോട്ടയം: സ്വവർഗാനുരാഗികൾക്ക് കുടുംബജീവിതത്തിന് അർഹതയും അവകാശവും ഉണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായുള്ള വാർത്ത തള്ളി കേരള കാത്തലിക് ബിഷപ്പ്‌സ് കൗൺസിൽ (കെസിബിസി). സ്വവർഗാനുരാഗികളുടെ കൂടിത്താമസത്തെ വിവാഹമായി കാണാനാവില്ലെന്നും മാർപാപ്പ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും കെസിബിസി പറഞ്ഞു.
സ്വവർഗബന്ധത്തിൽ ഏർപ്പെടുന്നവർക്ക് കുടുംബത്തിന് തുല്യമായ നിയമപരിരക്ഷ നൽകണമെന്ന് മാർപാപ്പ പറഞ്ഞതായുള്ള വാർത്തകൾ തെറ്റാണെന്നാണ് കെസിബിസി പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.
ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള എൽജിബിടി കൂട്ടായ്മകളും പൗരാവകാശ സംഘടനകളും മാർപാപ്പയുടെ നിലപാടിനെ പ്രശംസിച്ച് രംഗത്തെത്തിയതിനിടെയാണ് ഇക്കാര്യം നിഷേധിച്ചുകൊണ്ട് കെസിബിസി പരസ്യനിലപാട് സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സ്വവർഗാനുരാഗികൾക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയത്. ഫ്രാൻസിസ്‌കോ എന്ന ഡോക്യുമെന്ററിയിലാണ് മാർപാപ്പ നിലപാട് വ്യക്തമാക്കിയത്. ട്രാൻസ്‌ജെൻഡർ വ്യക്തികളും ദൈവത്തിന്റെ പുത്രന്മാരാണെന്നും അവർക്കനുകൂലമായ നിയമം കൊണ്ടുവരികയാണ് വേണ്ടതെന്നും മാർപാപ്പ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചുകൊണ്ട് പറഞ്ഞു. 2013ൽ മാർപാപ്പയായി തെരഞ്ഞെടുത്തതിന് ശേഷം ട്രാൻസ്‌ജെൻഡർ വ്യക്തികളെക്കൂടി പരിഗണിച്ചുള്ള അഭിപ്രായ പ്രകടനമാണ് ഫ്രാൻസിസ് മാർപാപ്പ നടത്തിവന്നിരുന്നത്.