പത്തനംതിട്ട: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരെ കേസെടുത്തു. സാമ്പത്തിക തട്ടിപ്പ് കേസില്‍ നാലാം പ്രതിയാണ് കുമ്മനം രാജശേഖരന്. ആറന്മുള സ്വദേശിയില്‍ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്.
കുമ്മനത്തിന്റെ മുന്‍ പി എ പ്രവീണാണ് ഒന്നാംപ്രതി. മൂന്നാം പ്രതി സേവ്യര്‍. ആറന്മുള പൊലീസാണ് കേസെടുത്തിരിക്കുന്നത്. കുമ്മനം മിസോറാം ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ ഓഫീസ് സ്റ്റാഫ് ആയിരുന്നു സേവ്യര്‍. അഞ്ചാം പ്രതി ഹരി ബിജെപി ഐടി സെല്‍ കണ്‍വീനറാണ്.
ഒരു കമ്പനിയില്‍ പാര്‍ട്ണറാക്കാം എന്നു പറഞ്ഞ് ആറന്മുള സ്വദേശിയായ ഹരികൃഷ്ണന്റെ പക്കല്‍ നിന്നും ഇരുപത്തിയെട്ടേ മുക്കാല്‍ ലക്ഷം രൂപ വാങ്ങിയ ശേഷം കബളിപ്പിച്ചുവെന്നതാണ് കേസിന് ആസ്പദമായ സംഭവം. കുമ്മനം ഉള്‍പ്പടെ പത്ത് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കുമ്മനം മിസോറാം ഗവര്‍ണറായിരുന്നപ്പോഴാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. പണം കൈപ്പറ്റിയ ശേഷം പാര്‍ട്ണര്‍ഷിപ്പ് നടപടികളിലേക്ക് നീങ്ങിയില്ലെന്നും വര്‍ഷങ്ങളോളം കാത്തിരുന്നെങ്കിലും നടപടികളൊന്നും ആയില്ലെന്നും പരാതിയില്‍ പറയുന്നു.
പല തവണ കുമ്മനത്തെ കണ്ടെങ്കിലും കാര്യമുണ്ടായില്ല. പ്രവീണിന്റെ വിവാഹ ദിവസം പതിനായിരം രൂപ കുമ്മനം തന്റെ പക്കല്‍ നിന്നും വായ്പ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ആറന്മുള പൊലീസ് എഫ്.ഐ.ആര് ഇട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ കുമ്മനമോ പ്രവീണോ പ്രതികരണം നടത്താന്‍ തയ്യാറായിട്ടില്ല. ബിജെപി ഔദ്യോഗിക നേതൃത്വവും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
Discussion about this post