കാസര്‍കോട്: കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ മറ്റ് വഴികളൊന്നുമില്ലാത്തതിനാല്‍ പ്രസവക്കിടക്കയില്‍ നിന്നു പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അമ്മ. 7 മാസം പ്രായമായ കുഞ്ഞിന് പൊലീസുകാരും സാമൂഹിക പ്രവര്‍ത്തകരും തുണയായി എത്തിയതോടെയാണ് അമ്മയ്ക്കും അച്ഛനും ആശ്വാസമായത്.
7 ദിവസം മുന്‍പാണ് ഉളിയത്തടുക്ക സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഭാര്യ മാസം തികയും മുന്‍പ് ജനറല്‍ ആശുപത്രിയില്‍ പ്രസവിച്ചത്. ശ്വാസ തടസവും മറ്റു ബുദ്ധിമുട്ടും കാരണം കുഞ്ഞിനെ നഗരസഭാ പരിധിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ആശുപത്രിയിലെ ചെലവ് 40,000 രൂപയായി. വരുമാന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ വിറ്റ് ഭര്‍ത്താവ് 15,000 രൂപ സംഘടിപ്പിച്ചു. എന്നാല്‍ ബാക്കി തുക കണ്ടെത്താന്‍ മറ്റ് വഴികളൊന്നും ഇവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല.
തുടര്‍ന്ന് ഭാര്യ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു സഹായം തേടുകയായിരുന്നു. ഇത് പൊലീസിന്റെ ചുമതലയല്ലെന്നു പറഞ്ഞ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ യുവതിയെ കെവിട്ടില്ല. വിവരം അറിഞ്ഞു സ്റ്റേഷനിലെ ജിഡി ചാര്‍ജ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ.രാജേന്ദ്രന് ജന മൈത്രി പൊലീസ് ബീറ്റ് ഓഫിസര്‍ മധു കാരക്കടവിനെ വിളിച്ചു സഹായിക്കാന്‍ സാധ്യതയുള്ളവരെ തേടി.
തുടര്‍ന്നു ചന്ദ്രഗിരി ലയണ്‍സ് ക്ലബിന്റെയും കാസര്‍കോട് യൂണിറ്റി ചാരിറ്റബില്‍ ട്രസ്റ്റിന്റെയും ഭാരവാഹി എരിയാല്‍ മഹമൂദ് ഇബ്രാഹിമിനെ സമീപിച്ചു. ചാരിറ്റബില്‍ ട്രസ്റ്റ് 19000 രൂപ ആശുപത്രിയില്‍ നല്കി. അയ്യായിരത്തോളം രൂപ ആശുപത്രി അധികൃതര്‍ ഇളവ് ചെയ്തു.
കുഞ്ഞിന്റെ ചികിത്സാ പണം നല്കാന് വില്‍ക്കേണ്ടി വന്ന ഓട്ടോറിക്ഷക്കു പകരം ഓട്ടോറിക്ഷ സഹായമായി നല്‍കുമെന്ന് മഹമ്മൂദ് ഇബ്രാഹിം പറഞ്ഞു. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് ഈ കുടുംബത്തിന് ഏറെ ആശ്രയമായത്. പോലീസുകാരോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്ന് കുടുംബം പറയുന്നു.
Discussion about this post