തിരുവനന്തപുരം: സമൂഹത്തില്‍ പലപ്പോഴും ട്രാന്‍സ്‌ജെന്‍ഡറുകള്‍ നേരിട്ടത് അവഗണനകളും മാറ്റിനിര്‍ത്തലുകളുമായിരുന്നു, എന്നാല്‍ അതിനെയെല്ലാം ശക്തമായി അതിജീവിച്ച് ഇന്ന് മുന്നോട്ടേക്ക് കുതിക്കുകയാണവര്‍. സാക്ഷരതാമിഷന്‍ പഠിക്കാനുള്ള അവസരം ഒരുക്കിയപ്പോള്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ വിജയം നേടിയിരിക്കുകയാണ് 18 ട്രാന്‍സ്‌ജെന്‍ഡറുകള്‍.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി സാക്ഷരതാമിഷന്‍ നടപ്പിലാക്കിവരുന്ന ‘സമന്വയ’ തുടര്‍വിദ്യാഭ്യാസ പദ്ധതിയില്‍ പരീക്ഷയെഴുതിയവരാണിവര്‍. ആകെ 22 പേരാണ് പരീക്ഷയെഴുതിയത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതി വിജയിച്ചത്.
ജില്ലയില്‍ പരീക്ഷയെഴുതിയ ഒമ്പത് പേരില്‍ എട്ടുപേര്‍ വിജയിച്ചു. തിരുവനന്തപുരം-5, കൊല്ലം-2, തൃശ്ശൂര്‍-1, കോഴിക്കോട്-1, കണ്ണൂര്‍-1 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ വിജയിച്ചവരുടെ എണ്ണം. ഏറ്റവും കൂടുതല്‍പേര്‍ വിജയിച്ച പത്തനംതിട്ട ജില്ലയില്‍ പഠിതാക്കള്‍ക്കായി അഭയകേന്ദ്രവും സാക്ഷരതാമിഷന്‍ ഒരുക്കിയിരുന്നു.
ഇവിടെ ഭക്ഷണം ഉള്‍പ്പെടെ സൗജന്യം ആണ്. 2018-ല്‍ ആരംഭിച്ച സമന്വയ പദ്ധതിയില്‍ പത്താംതരം തുല്യതാ കോഴ്‌സില്‍ ഇതുവരെ 39 ട്രാന്‍സ്‌ജെന്‍ഡറുകളാണ് വിജയിച്ചത്. പത്താംതരത്തില്‍ 30 പേരും ഹയര്‍ സെക്കന്‍ഡറിക്ക് 62 പേരും പഠിക്കുന്നു.
നാലാംതരത്തില്‍ ഏഴുപേര്‍, ഏഴാംതരം തുല്യതാ കോഴ്‌സില്‍ 1 എന്നിങ്ങനെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കളുടെ എണ്ണം.