കൊച്ചി: സെപ്തംബര്‍ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അവസരം. കിറ്റ് വിതരണം ഈ മാസം 26 വരെ ദീര്‍ഘിപ്പിച്ചതായി സപ്ലൈകോ അധികൃതര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത് ഭക്ഷ്യ കിറ്റ് പാക്കിംഗിനെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിതരണം നീട്ടിയത്.
എട്ടിനങ്ങളാണ് ഭക്ഷ്യക്കിറ്റിലുള്ളത്. കടല (750 ഗ്രാം), പഞ്ചസാര (ഒരുകിലോ), വെളിച്ചെണ്ണ (അരക്കിലോ, ആട്ട (ഒരുകിലോ), മുളകുപൊടി (100 ഗ്രാം), ഉപ്പ് (ഒരുകിലോ), ചെറുപയര്‍ (750 ഗ്രാം), സാമ്പാര്‍ പരിപ്പ് (250 ഗ്രാം) എന്നിവയാണ് കിറ്റിലുള്ളത്.
350 രൂപയോളം വിലവരുന്ന സാധനങ്ങളാണ് സൗജന്യ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എഎവൈ വിഭാഗം ( മഞ്ഞക്കാര്‍ഡ് ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും.
കേന്ദ്ര പദ്ധതി പ്രകാരം, കാര്‍ഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാര്‍ഡിന് ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടലയും സൗജന്യമായി കിട്ടും. മുന്‍ഗണന വിഭാഗം ( പിങ്ക് കാര്‍ഡ്) കാര്‍ഡുടമകള്‍ക്ക് ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ ലഭിക്കും.