തിരുവനന്തപുരം: സംസ്ഥാനത്തെ 6 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇടുക്കി ജില്ലയിലെ അടിമാലി (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 3, 5, 18), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (സബ് വാർഡ് 1), കൊല്ലം ജില്ലയിലെ മേലില (സബ് വാർഡ് 10, 12, 13), പാലക്കാട് ജില്ലയിലെ വടകരപതി (11), മലപ്പുറം ജില്ലയിലെ എആർ നഗർ (10, 12), കോട്ടയം ജില്ലയിലെ മുണ്ടക്കയം (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
അതേസമയം, 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 617 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
സംസ്ഥാനത്ത് ഇന്ന് 8369 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 64 പേർ ആരോഗ്യ പ്രവർത്തകരാണ്. 6839 പേർക്ക് കൊവിഡ് നെഗറ്റീവായി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,030 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 40,91,729 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,232 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,57,216 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 23,016 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2899 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Discussion about this post