ന്യൂഡൽഹി: പോപ്പുലർ ചിട്ടി തട്ടിപ്പിന് പിന്നാലെ മറ്റൊരു മലയാളിയുടെ ചിട്ടി കമ്പനി കൂടി തട്ടിപ്പ് നടത്തിയതായി പരാതി. ഡൽഹിയിലെ മലയാളിയുടെ ചിട്ടി കമ്പനി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ചങ്ങനാശ്ശേരി സ്വദേശി കെഎസ് കുഞ്ഞുമോൻ നടത്തുന്ന റോയൽ ചിട്ട് ഫണ്ടാണ് തട്ടിപ്പ് നടത്തിയതെന്നാണ് ഇടപാടുകാരുടെ പരാതി. ചിട്ടി കമ്പനി ഉടമ മൂന്ന് വർഷമായി പണം തിരികെ നൽകാമെന്ന് പറഞ്ഞ് പറ്റിക്കുകയാണെന്ന് തട്ടിപ്പിന് ഇരയായവർ ആരോപിക്കുന്നു. തട്ടിപ്പിന് ഇരയായവർ ചേർന്ന് രൂപീകരിച്ച കൂട്ടായ്മ കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്.
പത്ത് വർഷത്തിലധികമായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ചിട്ടിക്കും സ്ഥിരനിക്ഷേപത്തിനുമായി പണം നൽകിയ നിരവധി മലയാളികൾക്ക് കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടത്. മൂന്ന് വർഷം മുമ്പ് തന്നെ പണം തിരികെ നൽകുന്നത് റോയൽ ചിട്ട് ഫണ്ട് മുടക്കിയിരുന്നു. എന്നാൽ മലയാളി സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചതിന്റെ സൗഹൃദംവെച്ച് കമ്പനി ഉടമ പണം നൽകുന്നത് നീട്ടിക്കൊണ്ട് പോവുകയായിരുന്നു.
കേരളത്തിൽ കപ്പൽ പൊളിച്ച് പണിയുന്നതിന്റെ ബിസിനസ് നടത്തുകയാണെന്നും എല്ലാവരുടെയും പണം ഒരുമിച്ച് നൽകാമെന്നുമായിരുന്നു വർഷങ്ങളായി ഉടമ പറഞ്ഞുകൊണ്ടിരുന്നത്. പലർക്കും ഇയാൾ ചെക്കുകൾ ഒപ്പിട്ട് നൽകിയിരുന്നു. പണം നഷ്ടപ്പെട്ടവരിൽ ചിലർ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും തട്ടിപ്പിന് ഇരയായവർ വ്യക്തമാക്കി.
അതേസമയം നോട്ട് അസാധുവാക്കൽ ഉൾപ്പെടെ ബിസിനസിൽ തിരിച്ചടി ഉണ്ടായതാണ് പ്രതിസന്ധിക്ക് കാരണമെന്നും എല്ലാവരുടെയും കുടിശ്ശിക എത്രയും വേഗം നൽകുമെന്നും ചിട്ടി കമ്പനി ഉടമ കെഎസ് കുഞ്ഞുമോൻ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post