കളമശ്ശേരി: കൊവിഡ് കെയർ സെന്റർ കൂടിയായ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമാണെന്ന ആരോപണത്തിലുറച്ച് മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർ നജ്മ. തന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നും തനിക്ക് ചില രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും നജ്മ പറഞ്ഞു.
തനിക്ക് എതിരായ വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങും. താൻ ചെയ്തത് കോളേജിനോടുള്ള കടമയാണ്, ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരെ ആർഎംഒയ്ക്കും സൂപ്രണ്ടിനും പരാതി ഓഡിയോ സന്ദേശമായി അയച്ചിരുന്നു. നേരത്തെ പരാതി പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. നടപടിയെ താൻ ഭയക്കുന്നില്ലെന്നും ഡോ. നജ്മ കൂട്ടിച്ചേർത്തു.
അതേസമയം, ഹാരിസിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നും ഓക്‌സിജന#് ലഭ്യത കുറവുമായി മരണത്ിന് ബന്ധമില്ലെന്നുമുള്ള ആശുപത്രി അധികൃതരുടെ വാദത്തെ തള്ളി ഹാരിസിന്റെ കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു.
ഇതിനെ ശരിവെയ്ക്കുന്ന വിശദീകരണമാണ് നജ്മ മാധ്യമങ്ങൾക്കുമുന്നിൽ നൽകിയിരുന്നത്. മുഖത്ത് മാസ്‌കുണ്ടായിരുന്നെങ്കിലും വെന്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ലെന്ന് നജ്മ വ്യക്തമാക്കിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നെന്നും ഡോ നജ്മ വെളിപ്പെടുത്തിയിരുന്നു.
Discussion about this post