ഉള്ളി വില പൊള്ളുന്നു; വില നൂറിലേക്ക്, മഴ കാരണം വന്‍ കൃഷിനാശം

കൊല്ലം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില. ചൊവ്വാഴ്ച വില്‍പ്പന വില 96 രൂപ വരെയെത്തി. ഒരാഴ്ചയ്ക്കിടെ ഒരു കിലോഗ്രാമിന് 52 രൂപയാണ് കൂടിയത്. 40-44 രൂപയായിരുന്നു ഒരാഴ്ച മുന്‍പത്തെ വില. അധികമഴയും വെള്ളപ്പൊക്കവുമാണ് സവാള വിലകൂടാന്‍ കാരണം.

കൊച്ചുള്ളിയുടെ വില്‍പ്പന വിലയും 90-100 രൂപയായി ഉയര്‍ന്നിട്ടുണ്ട്. മഴയും വെള്ളപ്പൊക്കവും മൂലം കൃഷിനശിച്ചതോടെ ഉത്പാദനം കുത്തനെ കുറഞ്ഞു. തുടര്‍ച്ചയായുണ്ടായ മഴകാരണം സംഭരിച്ചു വച്ചിരുന്ന സവാള നശിച്ചുപോവുകയും ചെയ്തു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ വിളവെടുത്ത് സംഭരിച്ച, സവാളയുടെ 40 ശതമാനംവരെ നശിച്ചുപോയതായാണ് കണക്ക്.

പുണെ സവാള(വെള്ള)യുടെ ഉത്പാദനം കുറയുമ്പോള്‍ മുന്‍കാലങ്ങളിലും വില ഉയരാറുണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് കര്‍ണാടകയിലെ റെഡ് സവാള വിളവെടുപ്പ് നടക്കുന്നതിനാല്‍ വില നിയന്ത്രിക്കാനാകുമായിരുന്നു. ഇക്കൊല്ലം കര്‍ണാടകയില്‍ ഏതാണ്ട് പൂര്‍ണമായും കൃഷി നശിച്ചു.

മഹാരാഷ്ട്രയിലും കൃഷിനാശമുണ്ടായി ഉത്പാദനം വളരെ കുറവാണ്. നാസിക്, പുണെ, അഹമ്മദ് നഗര്‍ മാര്‍ക്കറ്റുകളില്‍നിന്നാണ് കേരളത്തിലേക്ക് വന്‍തോതില്‍ സവാള എത്തുന്നത്. ചൊവ്വാഴ്ച അവിടങ്ങളിലെ മൊത്തവില 90 രൂപയായി ഉയര്‍ന്നു. ഇതിനുപുറമേ ഏഴ് ശതമാനം കമ്മിഷനും ഒരു ശതമാനം മാര്‍ക്കറ്റ് സെസ്സും കൊടുക്കേണ്ടിവരുമെന്ന് വ്യാപാരികള്‍ പറയുന്നു.

ഇതുമൂലം അടുത്തദിവസങ്ങളില്‍ കേരളത്തിലെ വില്‍പ്പനവില നൂറുകടക്കും. വിലകൂടുന്ന പ്രവണതയുള്ളതിനാല്‍ മഹാരാഷ്ട്രയിലെ ഇടനിലക്കാര്‍ പൂഴ്ത്തിവെപ്പ് തുടങ്ങിയതായും വിവരമുണ്ട്. കോയമ്പത്തൂര്‍, മേട്ടുപ്പാളയം, ചുരണ്ട, പാവൂര്‍ സത്രം മാര്‍ക്കറ്റുകളിലും 95-100 രൂപയാണിപ്പോള്‍.

നാഫെഡില്‍നിന്ന് രണ്ട് ലോഡ് സവാള ബുധനാഴ്ചയെത്തുമെന്നും ഇത് കിലോഗ്രാമിന് 50 രൂപയില്‍ താഴെ വിലയ്ക്ക് വില്‍ക്കാന്‍ കഴിയുമെന്നും ഹോര്‍ട്ടികോര്‍പ്പ് മാനേജിങ് ഡയറക്ടര്‍ ജെ.സജീവ് പറഞ്ഞു. വില ഉയരുന്ന സാഹചര്യത്തില്‍ സംഭരിച്ച വിലയ്ക്കുതന്നെ സവാള ലഭ്യമാക്കണമെന്നുകാട്ടി നാഫെഡിന് കത്തുനല്‍കും.

അങ്ങനെ വന്നാല്‍ ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റുകളില്‍ വിലകുറച്ച് വില്‍ക്കാന്‍ കഴിയുമെന്നും ഇത് പൊതുവിപണിയിലെ വില പിടിച്ചുനിര്‍ത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version