തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അത്യാധുനിക പരിശോധന സംവിധാനങ്ങളായ ഡി.എസ്.എ., ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിനൊപ്പം റോട്ടറി ക്ലബ്ബുകൂടി ചേര്‍ന്നാണ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചത്.മെഡിക്കല്‍ കോളേജിലെ റേഡിയോ ഡയഗ്‌നോസ്റ്റിക് വിഭാഗത്തില്‍ ആറ് കോടി രൂപ ചെലവഴിച്ചാണ് ഡിഎസ്എ സംവിധാനം ഒരുക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷാഘാതം, തലച്ചോറിലെ രക്തസ്രാവം, വയറിലും അന്നനാളത്തിലുമുണ്ടാകുന്ന അര്‍ബുദരോഗം, മഞ്ഞപ്പിത്തം, രക്തക്കുഴലുകളിലുണ്ടാകുന്ന തടസം ഇങ്ങനെ നിരവധി രോഗങ്ങളുടെ ചികിത്സയ്ക്ക് ഈ ഉപകരണം സഹായകരമാണ്.
ഇത്തരം രോഗങ്ങള്‍ക്ക് മേജര്‍ ശസ്ത്രക്രിയ വേണ്ടിടത്ത് ഡിഎസ്എ മെഷീന്‍ ഉപയോഗിച്ച് ശരീരത്തിന്റെ അരഭാഗത്ത് ചെറിയ മുറിവുണ്ടാക്കി അതില്‍ക്കൂടി കുഴല്‍ കടത്തി മരുന്നുകള്‍ നല്‍കുന്നതിനും ചികിത്സിക്കുന്നതിനും കഴിയും. അതിനാല്‍ ദീര്‍ഘനാളത്തെ ആശുപത്രി വാസം ഒഴിവാക്കാനാകും.65 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിജിറ്റല്‍ ഫ്ളൂറോസ്‌കോപ്പി മെഷീന്‍ സ്ഥാപിച്ചത്. എക്‌സ്‌റേ ഉപയോഗിച്ച് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തത്സമയം കാണുന്നതിനുളള സംവിധാനമാണ് ഫ്‌ളൂറോസ്‌കോപ്പി.
സാധാരണ എക്‌സ്‌റേ വച്ചു നടുത്തുന്ന ബേരിയം പരിശോധനകള്‍, ഐ.വി.പി. സ്റ്റഡി എന്നിവ യഥാസമയം കാണാന്‍ ഉപകരണത്തിലൂടെ സാധിക്കും. റേഡിയോളജിസ്റ്റ് നേരിട്ട് ചെയ്യുന്ന ഈ പരിശോധനകള്‍ക്ക് ആവശ്യമെങ്കില്‍ മാത്രം ഫിലിമിലാക്കിയാല്‍ മതി. അതിനാല്‍ തന്നെ ഫിലിമിന്റെ ചെലവ് ഒഴിവാക്കാനാകും.ഒരു കോടി രൂപ വരുന്ന ഡിജിറ്റല്‍ മാമോഗ്രാഫി മെഷീന്‍ റോട്ടറി തിരുവനന്തപുരം ഡിസ്ട്രിക്റ്റ് സൗജന്യമായി നല്‍കിയതാണ്.
തുടക്കത്തില്‍ തന്നെ സ്തനാര്‍ബുദം വളരെപ്പെട്ടെന്ന് കണ്ടെത്താന്‍ കഴിയുന്ന അത്യാധുനിക സൗകര്യമുള്ളതാണ് ഡിജിറ്റല്‍ മാമോഗ്രാം മെഷീന്‍. സ്വകാര്യ മേഖലയില്‍ ഒരു ടെസ്റ്റിന് 3500 രൂപയിലധികം ചെലവ് വരുന്നതാണ് സ്തനാര്‍ബുദ നിര്‍ണയം. നാമമാത്ര സ്ഥാപനങ്ങളിലാണ് ഡിജിറ്റല്‍ മാമ്മോഗ്രാം മെഷീനുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂടി ഇത് പ്രവര്‍ത്തന സജ്ജമാകുന്നതോടെ വളരെയേറെ രോഗികള്‍ക്ക് സഹായകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ആശുപത്രിയുടെ മാസ്റ്റര്‍പ്ലാന്‍ അടിസ്ഥാനമാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 194.33 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആറു നിലകളുള്ള എം. എല്‍. ടി ബ്ളോക്ക്, 11 നിലകളുള്ള പീഡിയാട്രിക് ബ്േളാക്ക്, എട്ടു നിലകളുള്ള സര്‍ജിക്കല്‍ ബ്ളോക്ക് എന്നിവയാണ് രണ്ടാംഘട്ടത്തില്‍ ഒരുക്കുന്നത്. സമഗ്ര സ്ട്രോക് സെന്റര്‍ വികസിപ്പിക്കാന്‍ നേരത്തെ അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു. ഇതോടനുബന്ധിച്ചു നിര്‍മിക്കുന്ന സ്ട്രോക്ക് കാത്ത്ലാബ് ഉള്‍പ്പെടെ നൂതന സംവിധാനങ്ങള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.