തിരുവനന്തപുരം: പിഎം കെയര്‍ ഫണ്ട് സംബന്ധിച്ച് രാജ്യ സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഉത്തരം നല്‍കാതെ മടക്കിയ മടക്കിയ നടപടി, ചട്ടവിരുദ്ധവും ജനാധിപത്യത്തോടുള്ള അവഹേളനവുമാണെന്ന് രാജ്യസഭാ എംപി കെകെ രാഗേഷ്. പ്രസ്തുതനടപടിയില്‍ ശക്തമായി പ്രതിഷേധിക്കുകയും ഫണ്ടിന്റെ സുതാര്യമായ നടത്തിപ്പിനായുള്ള നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തതായി രാഗേഷ് എംപി പറയുന്നു.
കേന്ദ്രധനകാര്യ മന്ത്രാലയം മറുപടിനല്‍കാനായി രാജ്യസഭയില്‍ സമര്‍പ്പിച്ച ചോദ്യങ്ങള്‍, പി എം കെയറുമായി ധനകാര്യ മന്ത്രാലയത്തിനു ഒരു ബന്ധവും ഇല്ല എന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് കേന്ദ്രം നിരസിച്ചതെന്ന് അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ കേന്ദ്ര ധനകാര്യമന്ത്രി പിഎം കെയര്‍ ഫണ്ടിന്റെ ട്രൂസ്റ്റിമാരിലൊരാളാണ്. പ്രധാനമന്ത്രിയും കേന്ദ്ര പ്രതിരോധ-ആഭ്യന്തര മന്ത്രിമാരുമാണ് പിഎം കെയര്‍ ഫണ്ടിന്റെ മറ്റു മൂന്നു ട്രസ്റ്റുകള്‍.
ഫണ്ട് വെബ്സൈറ്റില്‍ നിന്ന് ഇത് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഇതുസംബന്ധിച്ചു രാജ്യ സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ചട്ടങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു തള്ളിയത് ജനാധിപത്യവിരുദ്ധമായ നടപടിയാണ് എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സാധാരണ രാജ്യരക്ഷാ സംബന്ധമായ കാര്യങ്ങള്‍ മാത്രമേ ഇത്തരുണത്തില്‍ രഹസ്യമാക്കിവെക്കാറുള്ളൂ. ‘കൊവിഡ് മഹാവ്യാധി പോലുള്ള ഏറ്റവും അടിയന്തിരമായ സാഹചര്യങ്ങളില്‍ ആശ്വാസ നടപടികള്‍ക്കായി രൂപീകരിച്ചതെന്നാണ്’ പിഎം കെയര്‍ ഫണ്ടിന്റെ വെബ്സൈറ്റ് പറയുന്നത്. ഇത്തരമൊരു ഫണ്ടിന്റെ വിവരങ്ങള്‍ പാര്‍ലമെന്റില്‍ നിന്നുപോലും മറച്ചുപിടിച്ചതെന്തിന്? രാഗേഷ് എംപി ചോദിക്കുന്നു.
കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടില്‍നിന്ന് കോടിക്കണക്കിനുരൂപയാണ് കേന്ദ്രം നിര്‍ബന്ധിതമായി പിഎം കെയര്‍ ഫണ്ടിലേക്ക് ‘സംഭാവന’ ചെയ്യിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടന്നിരുന്ന അനവധി വികസന പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം പദ്ധതികളും ഇതുമൂലം പാതി വഴിയില്‍ നിലച്ചിരിക്കുന്നു.
പ്രാദേശിക-ജില്ലാ-സംസ്ഥാന ഭരണകൂടങ്ങളുടെ മേല്‍നോട്ടത്തില്‍ തികച്ചും സുതാര്യമായാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടുപയോഗിച്ചു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നാളിതുവരെ നടന്നിരുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭമെന്നാല്‍ ദേശത്തിന്റെ സ്വത്താണ്. ലാഭത്തില്‍നിന്നു സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടിനായി നീക്കി വച്ച തുകയും യഥാര്‍ത്ഥത്തില്‍ ദേശത്തിന്റെ സ്വത്താണ്. കൊവിഡ് മഹാമാരിയുടെ മറവില്‍ നിഗൂഡമായരീതിയില്‍ ധൃതി പിടിച്ചു തട്ടിക്കൂട്ടിയ പിഎംകെയര്‍ പോലൊരു ഫണ്ടിലേക്കു പൊതുമേഖലാ സ്ഥാപനങ്ങള്‍ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടിനായി നീക്കി വച്ച തുക കേന്ദ്രം കയ്യിട്ടുവാരി വക മാറ്റിയത് പകല്‍ക്കൊള്ളയല്ലാതെ മറ്റൊന്നുമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎം കെയര്‍ ഫണ്ടിലേക്കുള്ള സംഭാവനകളുടെ സ്രോതസ്സ്, ചിലവാക്കുന്ന പദ്ധതികള്‍, ഇവ തിരഞ്ഞെടുക്കുന്ന രീതി, തെരഞ്ഞെടുക്കുന്ന മാനദന്ധം, ചിലവാക്കുന്ന തുകയുടെ കണക്ക് എന്നിവയും നിഗൂഢമാണ്! വിദേശ സംഭാവനകളും അനുവദനീയമായ ഈ ഫണ്ടിന്റെ ഓഡിറ്റിംഗ്, മോണിറ്ററിങ് എന്നിവയെപ്പറ്റിയും ആര്‍ക്കും അറിയില്ല. മാത്രമല്ല, നിലവിലുള്ള സര്‍ക്കാര്‍ നിബന്ധനകളൊന്നും ഇതിനു ബാധകവുമല്ല. സദുദ്ദേശ്യപരമായ, മാനുഷികപരിഗനയര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ഒരു ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക വിവരങ്ങളും സുതാര്യമാകുന്നത് കൊണ്ട് എന്താണ് കുഴപ്പമെന്നും അദ്ദേഹം തുറന്നടിച്ച് ചോദിച്ചു.
പാര്‍ലമെന്റിനുപോലും വിവരങ്ങള്‍ നിഷേധിച്ച്, സര്‍ക്കാരിന്റെ ഓഡിറ്റിംഗ് സംവിധാനത്തിനു പുറത്തു പ്രതിഷ്ഠിച്ച്, കോര്‍പറേറ്റ് സംഭാവനകള്‍ക്കും വിദേശസഹായത്തിനും വാതില്‍ തുറന്നിട്ട് തട്ടിക്കൂട്ടിയ ഈ ഫണ്ട്, കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപകരണമാണെന്നു സംശയിക്കുന്നവരെ കുറ്റം പറയാന്‍ എങ്ങിനെയാണ് കഴിയുകയെന്നും അദ്ദേഹം ചോദിക്കുന്നു. ഈ ഫണ്ടിന്റെ ഗോപ്യമായ നേട്ടങ്ങളും ഈ നേട്ടങ്ങളുടെ ഗുണഭോക്താക്കളും ആരാണ്? കേന്ദ്രം ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ നീളുകയാണെന്നും രാഗേഷ് എംപി പറയുന്നു.
അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച നിര്‍ദേശങ്ങള്‍;
1) പി എം കെയര്‍ ഫണ്ട് സംബന്ധിച്ച നാളിതുവരെയുള്ള സകല വിവരങ്ങളും (സംഭാവനകളുടെ സ്രോതസ്സും, ധനസഹായം നല്‍കിയ പദ്ധതികളുടെ വിവരങ്ങളുമടക്കം) പാര്‍ലമെന്റില്‍ വെയ്ക്കുക.
2) ഈ ഫണ്ടിനെ, മറ്റേതു സര്‍ക്കാര്‍ ഫണ്ടുകളെയും പോലെ സര്‍ക്കാര്‍ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചു ഓഡിറ്റിംഗിന് വിധേയമാക്കുക.
3) ഈ ഫണ്ടിലേക്ക് സംഭാവന തരുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ പരസ്യപ്പെടുത്തുക.
4) പദ്ധതിയില്‍ നിന്നും നല്‍കുന്ന സഹായങ്ങള്‍ സംബന്ധിച്ച വിവരങ്ങളും, സഹായത്തിനായി പദ്ധതികള്‍ തിരഞ്ഞെടുക്കുന്നതിനുള്ള നിബന്ധനകളും പരസ്യപ്പെടുത്തുക.