കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷിക ദിനത്തില്‍ എന്‍എന്‍ഡിപിയുടെ കൊടിമരത്തില്‍ സിപിഎം പതാക ഉയര്‍ത്തി; ലോക്കല്‍ സെക്രട്ടറി പുറത്ത്, പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ്

പെരുവന്താനം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷിക ദിനത്തില്‍ എസ്എന്‍ഡിപിയുടെ കൊടിമരത്തില്‍ സിപിഎം പതാക ഉയര്‍ത്തി ലോക്കല്‍ സെക്രട്ടറി. സംഭവം വിവാദത്തില്‍ കലാശിച്ചിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. അടച്ചക്ക നടപടിയും കൈകൊണ്ടു. സംഭവത്തില്‍, കൊടി ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ ലോക്കല്‍ സെക്രട്ടറി പരസ്യക്ഷമാപണം നടത്തി. പാര്‍ട്ടി നിര്‍ദേശപ്രകാരം പിന്നീട് ഇയാള്‍ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുകയും ചെയ്തു.

ഇതിനു പുറമെ, സംഭവത്തില്‍ ലോക്കല്‍ സെക്രട്ടറി എ ബിജുവിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഏരിയ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഹൈറേഞ്ച് എസ്എന്‍ഡിപി യൂണിയനു കീഴിലെ പെരുവന്താനം 561-ാം നമ്പര്‍ ശാഖയുടെ പ്രാര്‍ഥനാമന്ദിരത്തിലെ കൊടിമരത്തിലാണ് സിപിഎം പതാക ഉയര്‍ത്തിയത്. പെരുവന്താനം ലോക്കല്‍ സെക്രട്ടറി എ ബിജുവാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

കൊടി ഉയര്‍ത്തുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ കൊടി മാറ്റുകയും പാര്‍ട്ടി നേതാക്കള്‍ എസ്എന്‍ഡിപി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. പരസ്യമായി മാപ്പ് പറയണമെന്നും ലോക്കല്‍ സെക്രട്ടറിയെ നിലവിലുള്ള സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കണമെന്നും നേതൃത്വം നിലപാടെടുക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version