കൊറോണ ബാധിതരുടെ വീട്ടില്‍ രോഗലക്ഷണങ്ങളോടെ ചത്ത വളര്‍ത്തുനായയെ മൃതദേഹപരിശോധന നടത്തിയ ഡോക്ടര്‍ക്ക് കൊവിഡ്

കൊട്ടിയം: കൊറോണ രോഗബാധിതരുടെ വീട്ടില്‍ രോഗലക്ഷണങ്ങളോടെ ചത്ത വളര്‍ത്തുനായയെ മൃതദേഹ പരിശോധന നടത്തിയ വെറ്ററിനറി സര്‍ജന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡോക്ടറുടെ സമ്പര്‍ക്കം മൂലം മയ്യനാട് മൃഗാശുപത്രിയും അടച്ചിട്ടു.

മയ്യനാട് പഞ്ചായത്തിലെ 18-ാം വാര്‍ഡ് കാഞ്ഞാംകുഴിഭാഗത്ത് ഒരു വീട്ടിലെ വളര്‍ത്തുനായയാണ് ചത്തത്. ഇവിടെ ഗൃഹനാഥനും ഭാര്യക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനിടെയാണ് വളര്‍ത്തുനായ വയറിളക്കവും ശ്വാസതടസ്സവുംമൂലം കഴിഞ്ഞ വ്യാഴാഴ്ച പെട്ടെന്ന് ചത്തത്. മയ്യനാട് ആരോഗ്യകേന്ദ്രം അധികൃതര്‍ ഇടപെട്ട് നായയുടെ മൃതദേഹ പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധസംഘമെത്തിയാണ് മൃതദേഹ പരിശോധന നടത്തിയത്. രാസപരിശോധനയടക്കം വിശദ പരിശോധനകള്‍ക്ക് ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. അതേസമയം, പരിശോധനാഫലം ഇനിയും എത്തിയിട്ടില്ല.

Exit mobile version