കേരളത്തില്‍ കൊവിഡ് മൂലമുള്ള മരണനിരക്ക് കുറവ്; രോഗം തീവ്രമാകുന്ന അവസ്ഥ പരമാവധി വൈകിപ്പിക്കുക എന്ന നയമാണ് സംസ്ഥാനം സ്വീകരിച്ചത്; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് മൂലമുള്ള മരണനിരക്ക് കുറവാണെന്നും കൊവിഡ് വ്യാപനം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്ന സമയത്തും മരണ നിരക്ക് കുറയുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗം ഉച്ചസ്ഥായിയില്‍ എത്തുന്ന അവസ്ഥ പരമാവധി വൈകിപ്പിക്കുക എന്ന നയമാണ് സംസ്ഥാനം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിന്റെ ഒന്നാമത്തെ ഗുണഫലം ആരോഗ്യസംവിധാനങ്ങള്‍ ശാക്തീകരിക്കുന്നതിനാവശ്യമായ സമയം ലഭ്യമായി എന്നതാണ്. രോഗത്തെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ജീവനുകള്‍ രക്ഷിക്കാന്‍ എന്തു ചെയ്യാം എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും ശ്രമിച്ചു. അതിന്റെ ഭാഗമായി നമുക്ക് മരണങ്ങള്‍ വലിയ തോതില്‍ തടയാന്‍ സാധിച്ചു. നമ്മുടെ രാജ്യത്ത് തന്നെ നിരവധി സംസ്ഥാനങ്ങളില്‍ ഉണ്ടായ മരണങ്ങളുടെ കണക്കുകള്‍ നമ്മുടെ മുന്‍പിലുണ്ട്.

ലോകത്തെ മുഴുവനായി ഗ്രസിച്ച ഒരു മഹാമാരിയുടെ കാലത്ത് എത്ര ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചു എന്നും അതിനായി എന്തൊക്കെ ചെയ്തു എന്നതുമാണ് പ്രധാനം. മനുഷ്യരുടെ ജീവന്‍, ജീവിതോപാധികള്‍ ആരോഗ്യസംവിധാനങ്ങള്‍ എന്നീ മൂന്നു ഘടകങ്ങളെ ചേര്‍ത്തു നിര്‍ത്തിയും, അവയെ സംരക്ഷിച്ചും ശാക്തീകരിച്ചും മഹാമാരിയെ ചെറുക്കുക എന്ന ശാസ്ത്രീയമായ സമീപനമാണ് കേരളം സ്വീകരിച്ചത്. അതിന്റെ ഫലമായാണ് മറ്റു മിക്ക പ്രദേശങ്ങളേക്കാള്‍ മികച്ച രീതിയില്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ നമുക്ക് സാധിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

മെയ് മാസത്തില്‍ മരണ നിരക്ക് 0.77 ശതമാനമുണ്ടായിരുന്നത്, ജൂണ്‍ മാസത്തില്‍ 0.45 ശതമാനമായി കുറഞ്ഞു. ആഗസ്റ്റ് മാസത്തില്‍ അത് 0.4 ശതമാനമാവുകയും സെപ്റ്റംബറില്‍ 0.38 ശതമാനമായി വീണ്ടും കുറയുകയും ചെയ്തു. ഒക്ടോബര്‍ മാസത്തില്‍ ഇതുവരെയുള്ള മരണ നിരക്ക് 0.28 ശതമാനമാണ്. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിക്കുന്നു എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.

ഇതുകൊണ്ടൊക്കെയാണ് കേരളത്തിന്റെ ആരോഗ്യമേഖല അന്തര്‍ദേശീയ തലത്തില്‍ പോലും അംഗീകരിക്കപ്പെടുന്നത്. രാജ്യത്ത് ഏറ്റവും ആദ്യം കൊവിഡ് പ്രോട്ടോക്കോള്‍ ഉണ്ടാക്കിയ സ്ഥലമാണ് കേരളം. ചൈനയില്‍ നിന്നും തുടക്കത്തില്‍ ലോകത്തിന്റെ പല ഭാഗത്തും രോഗം പടര്‍ന്നു പിടിച്ചപ്പോഴും, ഉയര്‍ന്ന ജനസാന്ദ്രതയുണ്ടായിട്ടും കേരളത്തിന് അത് ആ ഘട്ടത്തില്‍ തടയാന്‍ സാധിച്ചു. ആരേക്കാളും മുന്‍പ് സാമൂഹിക നിയന്ത്രണങ്ങളും, പൊതുബോധവല്‍ക്കരണവും നമ്മള്‍ നടപ്പിലാക്കി. ഇറ്റലിയില്‍ നിന്നും രണ്ടാംഘട്ടം രോഗം സംസ്ഥാന എത്തുകയും പലരേയും ബാധിക്കുകയും ചെയ്ത അവസരത്തില്‍ മാര്‍ച്ച് 15ന് അകം തന്നെ നമ്മള്‍ ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ കൊണ്ടുവന്നു. ലോക്ഡൗണ്‍ രാജ്യത്ത് ആദ്യം നടപ്പിലാക്കിയതും ഇവിടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഓണാവധിക്കാലത്ത് വളരെയേറെ ഇളവുകള്‍ അനുവദിച്ചിരുന്നു എന്ന തരത്തിലുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് ഉത്സവകാലത്ത് അനുവദിക്കുന്നപോലെ വളരെ ചെറിയ ഇളവുകള്‍ മാത്രമാണ് ഓണക്കാലത്ത് നല്‍കിയിരുന്നത്. ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് നിരവധി മാര്‍നിര്‍ദ്ദേശങ്ങള്‍ ഓണത്തിന് മുമ്പുതന്നെ പോലീസ് പുറപ്പെടുവിച്ചിരുന്നു.

പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കുന്നതല്ലെന്നും ഓണസദ്യയുടെയും മറ്റും പേരില്‍ കൂട്ടംകൂടാനും പൊതുപരിപാടികള്‍ നടത്താനും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഓണക്കാലത്ത് ഒഴിവാക്കണമെന്നും കണ്ടയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ മാറ്റില്ലെന്നും അറിയിച്ചിരുന്നു. കടകളുടെ വലിപ്പമനുസരിച്ച് വേണം ഉപഭോക്താക്കളെ പ്രവേശിപ്പിക്കാനെന്നുംഅനുമതി നല്‍കാവുന്ന ആള്‍ക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ കടയുടെ പുറത്ത് പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

ഓണാവധി സമയത്തും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് പോലീസ് ജാഗ്രത പാലിച്ചിരുന്നുവെന്ന് ആ സമയത്തെ കേസുകളുടെയും അറസ്റ്റുകളുടെയും സംബന്ധിച്ച കണക്കുകളില്‍ വ്യക്തമാകും.രോഗപ്രതിരോധത്തിനാവശ്യമായ നടപടികള്‍ മാത്രമല്ല, അതുകൊണ്ടുണ്ടാകുന്ന സാമൂഹ്യപ്രശ്‌നങ്ങളും സര്‍ക്കാര്‍ പരമാവധി ഫലപ്രദമായി തന്നെ നേരിട്ടു. ക്ഷേമപെന്‍ഷനുകളും ഭക്ഷ്യധാന്യങ്ങളും സാധാരണക്കാരായ മനുഷ്യരുടെ കൈകളില്‍ എത്തിച്ചു. ഇത്തരം ക്രിയാത്മകവും ശ്രദ്ധാപൂര്‍വ്വവുമായ ഇടപെടലുകളുടെ ഫലമായി മെയ് മാസത്തില്‍ പുതിയ കേസുകള്‍ ഇല്ലാത്ത സ്ഥിതി വിശേഷം വരെയുണ്ടായി.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ചിലര്‍ പരസ്യമായി രംഗത്തിറങ്ങിയതിന്റെ പ്രത്യാഘാതമാണ് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണം. ജനങ്ങളാകെ ഒറ്റക്കെട്ടായി ജാഗ്രതയോടെ ഇടപെടുകയും ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ജനകീയമായി പ്രവര്‍ത്തിക്കുകയും ലക്ഷക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ ത്യാഗനിര്‍ഭരമായി രംഗത്തിറങ്ങുകയും ചെയ്തു കൊണ്ടാണ് കൊവിഡ് പ്രതിരോധം വിജയത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version