തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ആധുനികവല്‍ക്കരണത്തിന്റെ പാതയിലേക്ക് ഉയര്‍ത്തി സര്‍ക്കാര്‍; അത്യാധുനിക പരിശോധന സംവിധാനങ്ങള്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ പ്രവര്‍ത്തനസജ്ജമായ ഡി.എസ്.എ, ഡിജിറ്റല്‍ ഫ്ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം എന്നീ ഉപകരണങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

6 കോടി രൂപ ചെലവഴിച്ചാണ് മെഡിക്കല്‍ കോളേജ് റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ അത്യാധുനിക ഡി.എസ്.എ. മെഷീന്‍ സ്ഥാപിച്ചത്. ശരീരത്തിലെ രക്തക്കുഴലുകള്‍ വഴി മാരകരോഗങ്ങള്‍ ചികിത്സിക്കാനുളള സംവിധാനമാണ് ഡി.എസ്.എ മെഷീനിലുളളത്. പക്ഷാഘാതം, തലച്ചോറിലെ രക്തസ്രാവം, വയറിലും അന്നനാളത്തിലുമുണ്ടാകുന്ന അര്‍ബുദരോഗം, മഞ്ഞപ്പിത്തം, രക്തക്കുഴലുകളിലുണ്ടാകുന്ന തടസം ഇങ്ങനെ നിരവധി രോഗങ്ങളുടെ ചികിത്സയ്ക്ക് ഈ ഉപകരണം സഹായകരമാണ്. ഇത്തരം രോഗങ്ങള്‍ക്ക് മേജര്‍ ശസ്ത്രക്രിയ വേണ്ടിടത്ത് ഡി.എസ്.എ. മെഷീന്‍ ഉപയോഗിച്ച് ശരീരത്തിന്റെ അരഭാഗത്ത് ചെറിയ മുറിവുണ്ടാക്കി അതില്‍ക്കൂടി കുഴല്‍ കടത്തി മരുന്നുകള്‍ നല്‍കുന്നതിനും ചികിത്സിക്കുന്നതിനും കഴിയും. അതിനാല്‍ ദീര്‍ഘനാളത്തെ ആശുപത്രി വാസം ഒഴിവാക്കാനാകും.

65 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിജിറ്റല്‍ ഫ്ളൂറോസ്‌കോപ്പി മെഷീന്‍ സ്ഥാപിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തത്സമയം ഡിജിറ്റലൈസേഷന്‍ വഴി നവീകരിച്ച് കാണുന്നതിനാണ് ഡിജിറ്റല്‍ ഫ്ളൂറോസ്‌കോപ്പി മെഷീന്‍ ഉപയോഗിക്കുന്നത്. ഒരു കോടി രൂപ വരുന്ന ഡിജിറ്റല്‍ മാമോഗ്രാഫി മെഷീന്‍ റോട്ടറി തിരുവനന്തപുരം ഡിസ്ട്രിക്റ്റ് സൗജന്യമായി നല്‍കിയതാണ്. തുടക്കത്തില്‍ തന്നെ സ്തനാര്‍ബുദം വളരെപ്പെട്ടന്ന് കണ്ടെത്താന്‍ കഴിയുന്ന അത്യാധുനിക സൗകര്യമുള്ളതാണ് ഡിജിറ്റല്‍ മാമോഗ്രാം മെഷീന്‍. സ്വകാര്യ മേഖലയില്‍ ഒരു ടെസ്റ്റിന് 3500 രൂപയിലധികം ചെലവ് വരുന്നതാണ് സ്തനാര്‍ബുദ നിര്‍ണയം. ഈ ആധുനിക സൗകര്യങ്ങള്‍ പാവപ്പെട്ട രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ കുറഞ്ഞ ചെലവില്‍ നല്‍കുന്നതിന് സഹായകരമാകും.

വിലകൂടിയ പരിശോധനകള്‍ മെഡിക്കല്‍ കോളേജില്‍ സാധ്യമാകുന്നത് പാവപ്പെട്ട രോഗികള്‍ക്ക് വലിയ ആശ്വാസം പകരും. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ആദ്യ ഘട്ടമായി 58.37 കോടി രൂപ കിഫ്ബി വഴി അനുവദിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയും ചെയ്യുന്നു. രണ്ടാംഘട്ടമായി അടുത്തിടെ 194.33 കോടി രൂപയും അനുവദിച്ചു.

Exit mobile version